കേന്ദ്ര ബജറ്റ്‌; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന

0

നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ നിരവധി ജനപ്രിയ പ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന. ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിക്കുന്നതിനൊപ്പം കൂടുതല്‍ നികുതി ഇളവുകളും ബജറ്റില്‍ പ്രതീക്ഷിക്കാം. നിലവില്‍ വ്യക്തികള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്ന പരിധിയായ 2.5 ലക്ഷം രൂപ മൂന്ന് ലക്ഷമാക്കി ഉയര്‍ത്താനാണ് സാധ്യത. വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ആദായ നികുതി സ്ലാബുകളില്‍ മൊത്തത്തില്‍ തന്നെ മാറ്റം വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ശമ്പളക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുത്ത പ്രഖ്യാപനങ്ങളായിരിക്കും ഏറെയും.

രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ നേരത്തെ 10 ശതമാനം ആദായ നികുതി നല്‍കേണ്ടിയിരുന്നത് കഴിഞ്ഞ ബജറ്റില്‍ അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. നികുതിയിളവ് പരിധി കഴിഞ്ഞ വര്‍ഷം തന്നെ ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. സര്‍ക്കാറിന്റെ അവസാന പൊതുബജറ്റെന്ന നിലയില്‍ ഇക്കുറി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടാകുമെന്നാണ് സൂചന. രണ്ടര ലക്ഷം മൂന്ന് ലക്ഷമാക്കുമെന്നും ധനസ്ഥിതി പരിഗണിച്ച് ഇത് പരമാവധി അഞ്ച് ലക്ഷം വരെയാക്കിയേക്കുമെന്നും ധനകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഇളവുകള്‍ അധികം നല്‍കാന്‍ കഴിയില്ലെങ്കില്‍ നികുതി സ്ലാബുകളില്‍ കാര്യമായ മാറ്റം വരുമെന്നും സൂചനയുണ്ട്. 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കായി പുതിയ ആദായ നികുതി സ്ലാബ് രൂപീകരിക്കുമെന്നതാണ് പ്രധാനമായും ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊരു പ്രഖ്യാപനം. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്.

(Visited 53 times, 1 visits today)