ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി

0

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗല്യയുടെ മണ്ഡലമായ ഫൂൽപുരിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. രണ്ടു മണ്ഡലങ്ങളിലും സമാജ്വാദി പാർട്ടി വൻ ലീഡ് നേടി മുന്നേറുകയാണ്. ഗോരഖ്പുരിൽ 26,510 വോട്ടിന്‍റെ ഭൂരിപക്ഷവുമായി എസ്പി സ്ഥാനാർഥി പ്രവീണ്‍ കുമാർ നിഷാദും ഫൂൽപുരിൽ 29,000 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷവുമായി നാഗേന്ദ്ര പ്രതാപ് പട്ടേലുമാണ് മുന്നേറുന്നത്.

ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്സഭാ സീറ്റിലും ബിജെപി പരാജയം മണക്കുകയാണ്.. ആർജെഡി സ്ഥാനാർഥി സർഫറാസ് അലാം 23,000 വോട്ടുകൾക്ക് മുന്നിലാണ്. ആർജെഡി എംപിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്ത് ആർജെഡി സ്ഥാനാർഥി വിജയിച്ചു.

യുപിയിൽ യോഗി ആദിത്യനാഥ് അഞ്ചു തവണ തുടർച്ചയായി വിജയിച്ച മണ്ഡലമാണു ഗോരഖ്പുർ. ഫൂൽപുരിൽ 2014ലാണ് ബിജെപി ആദ്യമായി വിജയിച്ചത്. ഗോരഖ്പുരിലും ഫൂൽപുരിലും ആദ്യ റൗണ്ടുകളിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർഥികളെ എസ്പി പിന്നീട് സ്ഥാനാർഥികൾ പിന്നിലാക്കുകയായിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ എസ്പിയും ബിഎസ്പിയും ഒന്നിച്ചാണ് ഇത്തവണ പോരാട്ടത്തിനിറങ്ങിയത്.

(Visited 152 times, 1 visits today)