എഴുത്തിന്റെയും അഭിനയത്തിന്റെയും മേളനമാണ് ബച്ചന് കുടുംബം. കവിയായിരുന്നു ഹരിവംശ്റായി ബച്ചന്. പിന്മുറക്കാരെല്ലാം പക്ഷേ, തിരഞ്ഞെടുത്തത് അഭിനയത്തിന്റെ ഗ്ലാമര്‍ ലോകം. മകന് അമിതാഭ് ബച്ചനും മരുമകള്‍ ജയ ബച്ചനും ചെറുമകന് അഭിഷേകും ചെറുമകന്റെ ഭാര്യ ഐശ്വര്യയുമെല്ലാം ബോളിവുഡ് അടക്കിവാണപ്പോള്‍ ഒരാള്‍ മാത്രം വഴി മാറി നടന്നു. ബച്ചന്റെ മകള്‍ ശ്വേത ബച്ചൻ നന്ദ.
ഇടയ്ക്ക് ചിലപ്പോൾ റാമ്പുകളിലും മറ്റും മുഖം കാണിച്ചു മടങ്ങിയെങ്കിലും ബച്ചന്റെ മകള്‍ മാത്രം എന്തുകൊണ്ട് അഭിനയവഴിയിലെത്തിയില്ല എന്ന സംശയം പലരും ഉന്നയിച്ചുകൊണ്ടേയിരുന്നു. ആ ചോദ്യങ്ങള്‍ക്കിതാ ഇപ്പോള്‍ ഉത്തരമായി. ശ്വേത തിരഞ്ഞെടുത്തത് അച്ഛന്റെയല്ല, മുത്തച്ഛന്റെ വഴിയാണ്. അഭിനയത്തോടെല്ല, നാട്യങ്ങളില്ലാത്ത എഴുത്തിനോടായിരുന്നു അവൾക്ക് പ്രിയം.
ശ്വേത രചിച്ച ആദ്യ നോവല്‍ ഈ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സ് എന്നാണ് കന്നി നോവലിന്റെ പേര്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അച്ഛന് അമിതാഭ് ബച്ചന് തന്നെയാണ് മകളുടെ നോവലിന്റെ കാര്യം അഭിമാനത്തോടെ ലോകത്തെ അറിയിച്ചത്.
ഒടുവില്‍ ഹരിവംശ്റായി ബച്ചന്റെ പാരമ്പര്യത്തിന് കുടുംബത്തില്‍ ഒരു കണ്ണി ഉണ്ടായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബച്ചന് നോവലിനെക്കുറിച്ചുള്ള ഹാര്‍പര്‍ കോളിന്‍സിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത്. ദി പ്രൗഡസ്റ്റ് ഫാദര്‍, മൈ ഡോട്ടര്‍ ഗ്രേറ്റസ്റ്റ് എന്ന് ട്വിറ്ററിലും കുറിച്ചു.