ശബരിമല പ്രക്ഷോഭത്തിന് കരുത്തേകാൻ കുമ്മനം തിരിച്ചെത്തുന്നു ; തിരുവനന്തപുരത്ത് നിന്നും മത്സരിക്കും

0

ശബരിമല സമരത്തിന് കരുത്തേകാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനുമായി മിസോറാം ഗവര്‍ണര്‍‌ കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച്‌ വരുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ സ്ഥാനം കുമ്മനം ഉടന്‍ രാജിവയ്‌ക്കുമെന്നാണ് സൂചന. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച ബി.ജെ.പിയുടെ സമരം കൈവിട്ടു പോകുമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപം നിലനില്‍ക്കുന്നതിനിടയില്‍ കുമ്മനത്തെ തിരികെ എത്തിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് മുന്നിലും സമ്മര്‍ദ്ദമേറുകയാണ്.
ഹിന്ദു ഐക്യവേദിയുടെ അമരക്കാരനായിരുന്ന കുമ്മനത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ജനസ്വീകാര്യതയുണ്ടെന്നാണ് ബി.ജെ.പിയിലെ വിലയിരുത്തല്‍. ഇതാണ് കുമ്മനത്തെ തിരികെ വിളിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. കുമ്മനത്തെ തിരികെ എത്തിക്കണമെന്ന് ചില നേതാക്കള്‍ ഇതിനോടകം തന്നെ പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 7622 വോട്ടിന് കെ.മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെയുള്ള ശക്തനായ സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്ത് ഒതുക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമാണ്. ശബരിമല വിഷയത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി മുതലാക്കിയാല്‍ തിരുവനന്തപുരം പോലൊരു മണ്ഡലത്തില്‍ വിജയിക്കാനാകുമെന്നാണ് ബി.ജെ.പിയിലെ വിലയിരുത്തല്‍.

തിരുവനന്തപുരത്ത് ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ഇറക്കുന്നത്. ഇടതുമുന്നണിയും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇവിടെ ഇറക്കുമെന്ന് ഉറപ്പാണ്. ഈ ഘട്ടത്തില്‍ കുമ്മനം കൂടി എത്തിയാല്‍ ശക്തമായ ത്രികോണ മത്സരമാകും തിരുവനന്തപുരത്ത് നടക്കുക. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തരൂരിനോട് ഒ.രാജഗോപാല്‍ പരാജയപ്പെട്ടത് 15,470 വോട്ടിനാണ്. എന്നാല്‍ കഴക്കൂട്ടം,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ നിയോജക മണ്ഡലങ്ങളില്‍ രാജഗോപാല്‍ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളില്‍ ലഭിച്ച വോട്ടാണ് ശശി തരൂരിന് നേട്ടമായത്. എന്നാല്‍ ശബരിമല വിഷയം കത്തി നില്‍ക്കുമ്പോൾ കാര്യങ്ങള്‍ കുറച്ച്‌ കൂടി എളുപ്പമാണെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

(Visited 109 times, 1 visits today)