മോദിയുടെ നയത്തെ തള്ളി ആർഎസ്എസ്: ഇന്ത്യയ്ക്ക് ‘ക്യാഷ്‌ലെസ്’ ആകാനാവില്ല

0

ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ‘ക്യാഷ്‌ലെസ് ഇക്കോണമി’യാകാൻ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണു പണരഹിത സമ്പദ്‌വ്യവസ്ഥ. ഈ നയത്തെ തള്ളിപ്പറയുക കൂടിയാണ് ആർഎസ്എസ് മേധാവി, ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) നടത്തിയ ചടങ്ങിൽ സംസാരിക്കവെ പ്രകടിപ്പിച്ചത്.

സാങ്കേതികവിദ്യയിലും മറ്റും എത്ര വലിയ വിപ്ലവങ്ങൾ സംഭവിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ക്യാഷ്‌ലെസ് ഇക്കോണമിയാകാൻ സാധിക്കില്ല, 500 അംഗ സദസ്സിനെ നോക്കി ഭാഗവത് പറഞ്ഞു. പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നതു മികച്ച ആശയമാണ്. എന്നാൽ അതിനു ചില നിയന്ത്രണങ്ങളുണ്ട്. അതിനാൽ പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങൾ പൂർണമായി നേടാനാകില്ല. ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ക്യാഷ്‌ലെസ് ആകാം. എന്നാൽ പൂർണമായി ക്യാഷ്‌ലെസ് ആകാനാകില്ല, ഭാഗവത് പറഞ്ഞു.

മാത്രമല്ല, വ്യോമയാന മേഖലയെ, വിദേശ നിക്ഷേപങ്ങൾ പരിമിതപ്പെടുത്തി സംരക്ഷിച്ചുനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു ഉദാഹരണമാണ് ജർമനി. കടംകയറിനിൽക്കുന്ന വിമാന കമ്പനിയെന്ന് എയർ ഇന്ത്യയെ വിളിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു ദശകങ്ങളായി നമ്മുടെ വളർച്ച പാശ്ചാത്യ മാതൃകകളെ ആശ്രയിച്ചാണ് അളക്കുന്നത്. ഈ മാതൃകകൾക്കു ഗുരുതരമായ വീഴ്ചകളുണ്ട്. വളർച്ചയ്ക്കുള്ള ശരിയായ മാതൃക ഇന്ത്യ മുന്നോട്ടുവയ്ക്കണം. എല്ലാവരെയും ശക്തീകരിക്കണമെന്നതായിരിക്കണം ഇതിന്റെ അടിസ്ഥാനം, ഭാഗവത് കൂട്ടിച്ചേർത്തു.

ചടങ്ങിൽ പങ്കെടുത്ത നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു സമാനമായ നിരീക്ഷണമാണു നടത്തിയത്. എല്ലാമടങ്ങിയ ഒരു വികസനമല്ല നടപ്പാക്കുന്നതെങ്കിൽ ഇന്ത്യയുടെ വികസനം അർഥമില്ലാത്തതാകും. ആശങ്കകൾ മാറ്റിവച്ചാൽ ഇന്ത്യ ഇപ്പോൾ വികസന കുതിപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് അനുകൂല സംഘടനയായ വിവേക് സമൂഹ് പുറത്തിറക്കിയ ‘ഇന്ത്യൻ ഇക്കോണമി ആൻഡ് ഇക്കോണമിക് പോളിസീസ്: എ ലോങ് ടേം പെർസ്പെക്ടീവ്’ എന്ന പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലാണ് ഇരുവരും സംസാരിച്ചത്.

(Visited 117 times, 1 visits today)