പൃഥ്വിരാജിന്‌ പിന്തുണയേറുന്നു; താരരാജക്കന്മാരെ തള്ളി യുവരാജകുമാരന്‍ മലയാളസിനിമയില്‍ ആധിപത്യം സ്ഥാപിക്കുന്നു

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനു ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് പുറത്ത് മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ ഏറിയ പങ്കും മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനെതിരെയായിരുന്നു. പൃഥ്വിരാജേ മൂരാച്ചീനിന്നെ പിന്നെ കണ്ടോളാമെന്ന തരത്തിലായിരുന്നു ചിലരുടെ മുദ്രാവാക്യം വിളി. ദിലീപിന്റെ ആരാധകര്‍ക്ക് പൃഥ്വിയോട് കലിപ്പാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു അവിടെ ഉയര്‍ന്നുകേട്ടത്. ഇത് പറയാന്‍ കാരണം ഫാന്‍സ് പ്രവര്‍ത്തകര്‍ മാത്രമല്ല സിനിമയിലെ തന്നെ ചിലരും പരസ്യമായി തന്നെ പൃഥ്വിരാജിനെ എതിരെ രംഗത്തുവന്നിരുന്നു.എന്നാല്‍ സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരത്തിന് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ രൂക്ഷമായി ലഭിക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് പോലെ ഗണേഷ് കുമാറിന്റെ പ്രസ്താവനയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി മമ്മൂട്ടി പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ‘മാത്രം’ സ്വീകരിച്ചതാണെന്നായിരുന്നു ഗണേഷ് വാദിച്ചത്. എന്നാല്‍ പൃഥ്വിയെ പ്രീതിപ്പിച്ച് മമ്മൂട്ടിക്ക് എന്താണ് നേടാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് സാമാന്യയുക്തിയോടെ ചിന്തിക്കുമ്പോള്‍ പോലും ഒരു ഉത്തരം ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ.അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പിന്നില്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചിലര്‍ വ്യാഖാനിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അമ്മയുടെ അടിയന്തിര യോഗത്തില്‍ പൃഥ്വി പങ്കെടുത്തിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ പറഞ്ഞത് സത്യമായാലും അസത്യമായാലും സിനിമയിലെ ഒട്ടുമിക്ക സീനിയര്‍ താരങ്ങള്‍ പോലും നിലപാടുകള്‍ വ്യക്തമാക്കാതെ മൗനം പാലിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം അഭിപ്രായവുമായി പൃഥ്വി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. സിനിമ കരിയറിന്റെ ആദ്യ നാള്‍ മുതല്‍ പൃഥ്‌വി സ്വന്തം അഭിപ്രായത്തില്‍ എപ്പോഴും ഉറച്ചു നിന്നിട്ടുള്ള നടനാണ്. മലയാള സിനിമയില്‍ മുന്‍പെങ്ങും കാണാത്ത രീതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്.

തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ഉയര്‍ന്ന ആദ്യം ശബ്ദം തന്നെ പൃഥ്വിയുടേതായിരുന്നു.
. അഭിനയിക്കാന്‍ ലൊക്കേഷനിലെത്തിയ ആക്രമിക്കപ്പെട്ട നടിയ്ക്ക് മുന്നില്‍ അനാവശ്യമായ ചോദ്യങ്ങളുയര്‍ത്തി വിഷമിപ്പിക്കരുതെന്ന് പൃഥ്വി മാധ്യമങ്ങളോട് അപേക്ഷിച്ചിരുന്നു. ഒരു സോഹദരിയെപ്പോലെ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്താന്‍ താരത്തിന് രണ്ടാമതാലോചിക്കേണ്ടി വന്നതുമില്ല. മാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗും രംഗങ്ങളിലും താന്‍ ഇനി മുതല്‍ അഭിനയിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധതകളുള്ള സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുമെന്ന് അറിയിക്കുന്നതിലൂടെ ഒരു നടന്‍ പ്രഖ്യാപിക്കുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഒരു കലാകാരന് എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് പൃഥ്വി സ്വന്തം നിലപാടുകളിലൂടെ തെളിയിക്കുന്നു.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ രാജുവേട്ടന്റെ നിലപാട് മറ്റു താരങ്ങള്‍ക്ക് മാതൃകയാണെന്ന് അജു വര്‍ഗീസും വ്യക്തമാക്കിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് പൃഥ്വിരാജ്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ആദം ജോണിന്റെ വിജയത്തിന്റ് ശേഷം പൃഥ്വിയുടേതായി പുറത്തിറങ്ങുന്ന ചിത്രം വിമാനമാണ്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി സംവിധായകനായി അരങ്ങേറുന്നത്.