രാത്രിയില്‍ പെണ്‍കുട്ടിക്ക് കാവലായത് കെ എസ് ആര്‍ടിസി ബസ്‌

0

കെഎസ്ആര്‍ടിസി ബസിലെ നന്മനിറഞ്ഞ കഥകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കെഎസ്ആര്‍ടിസി ബസ് വീണ്ടുമൊരു നന്മയിലൂടെ കയ്യടി നേടുന്നു. രാത്രിയില്‍ ഒരു പെണ്‍കുട്ടിക്ക് സംരക്ഷകനായി മാറിയ കഥയാണ് ജനശ്രദ്ധ നേടുന്നത്. ആതിര ജയന്‍ എന്ന യുവതി ഒരു രാത്രിയില്‍ തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കെഎസ്ആര്‍ടിസി വീണ്ടും ഹീറോയായത്. വിജനമായ സ്ഥലത്ത് ഇറങ്ങിയ യുവതിയെ ഒറ്റയ്ക്കാതെ, സഹോദരന്‍ എത്തുന്നതു വരെ കാവലിരിക്കുകയാണ് ബസ് ജീവനക്കാര്‍ ചെയ്തത്.

ആ കഥ ഇങ്ങനെ കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റിലെത്തിയ ആതിര പുലര്‍ച്ചെ ഒന്നരയ്ക്ക് കൊല്ലം ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പില്‍ ബസിറങ്ങി. എന്നാല്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തേണ്ടിയിരുന്ന സഹോദരനെ അവിടെ കണ്ടില്ല. വിജനമായ സ്ഥലത്ത് അര്‍ധരാത്രി ഒറ്റയ്ക്ക് നില്‌ക്കേണ്ട സാഹചര്യം. ഈ സമയത്താണ് കെഎസ്ആര്‍ടിസി ബസും യാത്രക്കാരും ആതിരക്ക് കൂട്ടിരുന്നത്. ഒടുവില്‍ സഹോദരന്‍ എത്തിയതോടെ ബസ് യാത്രതുടരുകയായിരുന്നു.

കെഎസ്ആർടിസിയിലെ ഡിപ്പോ ഉദ്യോഗസ്ഥർ മുതൽ എംഡി ടോമിൻ തച്ചങ്കരി വരെ ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. കെഎസ്ആർടിസിയുടെ ഔദ്യോഗിക അഭിനന്ദന കുറിപ്പ് ടോമിൻ തച്ചങ്കരി രണ്ടുപേർക്കും കൈമാറി. ഇതിനുപുറമേ കെഎസ്ആർടിസി ഫാൻ ക്ലബുകളുടെയും കൂട്ടായ്മകളുടെയും അഭിനന്ദനങ്ങളും ഇവരെ തേടിയെത്തി. എന്തായാലും കെഎസ്ആർടിസിയിലെ പൊന്നാങ്ങളമാരായ ഇവർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോസ്.

(Visited 45 times, 1 visits today)