കര്‍ണാടകയിലെ സഖ്യം ഉലയുന്നു?? കണ്ണുനട്ട് ബിജെപി

0

കര്‍ണ്ണാടകയിലെ സഖ്യസര്‍ക്കാരിന് വിള്ളല്‍ വന്നാല്‍ അത് ബിജപെിയ്ക്കായിരിക്കും ഗുണം ചെയ്യുക. അതിനാല്‍ തന്നെ ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ബിജെപിയ്ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. കാരണം സഖ്യസര്‍ക്കാര്‍ ഉലച്ചിലിന്റെ വക്കിലാണ്.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.കോണ്‍ഗ്രസ് ഒരു ഗുമസ്തനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ആരോപണം. ഒരു മുഖ്യമന്ത്രിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തന്നെ അനുവദിക്കുന്നില്ലെന്നാണ് കുമാരസ്വാമിയുടെ പരാതി. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിനിടെയാണ് കുമാരസ്വാമി വികാരാധീനനായത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ജെഡിഎസ് എംഎല്‍എമാര്‍ മൗനം പാലിക്കണമെന്നാണ് ദേവഗൗഡയുടെ ഉപദേശം.
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കാനാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസുമായി ജെഡിഎസ് സഖ്യത്തിലാകുന്നത്. സഖ്യസര്‍ക്കാരില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലുണ്ടെങ്കിലും ഇരുവിഭാഗവും തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനൊപ്പം ഇരുവര്‍ക്കും ഇടയിലെ ഭിന്നതകളും മറനീക്കി പുറത്തുവരികയാണ്.ഭരണകാര്യങ്ങളിലെ കോണ്‍ഗ്രസിന്റെ അമിത ഇടപെടല്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നാണ് എംഎല്‍എമാരുടെ യോഗത്തില്‍ കുമാരസ്വാമി തുറന്നടിച്ചത്. എല്ലാകാര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം അനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും നിര്‍ബന്ധത്തിന് വഴങ്ങി പലതും ചെയ്യേണ്ടി വരുന്നുവെന്നും കുമാരസ്വാമി പറയുന്നു.
തന്റെ അനുവാദമില്ലാതെ വിവിധ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും ചെയര്‍മാന്‍മാരെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുന: സംഘടനയ്ക്ക് ശ്രമിച്ചതിലുമെല്ലാം കുമാരസ്വാമിക്ക് വിയോജിപ്പുണ്ട്. അടുത്തിടെ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനിലേക്കും കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തവരെ അംഗീകരിക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനപ്പെട്ട തസ്തികകള്‍ കൈക്കലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നായിരുന്നു ജെഡിഎസിന്റെ പരാതി.
കഴിഞ്ഞ ദിവസം ദേവഗൗഡയുടെ മൂത്ത മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എച്ച്ഡി രേവണ്ണ ചില കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പുകോര്‍ത്തിരുന്നു. ജെഡിഎസ് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ ഡോ കെ സുധാകര്‍ നടത്തിയ പരാമര്‍ശത്തിലും നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മൗനം പാലിക്കാനാണ് എംഎല്‍എമാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.അതേസമയം കര്‍ണാടകയില്‍ 12 സീറ്റുകളില്‍ മത്സരിക്കാനാണ് ജെഡിഎസിന്റെ ശ്രമം. ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായെങ്കിലും 9 സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. എന്നാല്‍ 6 സീറ്റുകള്‍ മാത്രം ജെഡിഎസിന് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ഭിന്നതകള്‍ക്ക് വഴിവെച്ചേക്കും.
കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് പത്തും ജെഡിഎസിന് രണ്ടും ബിജെപിക്ക് പതിനാറും എംപിമാരുണ്ട്. തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം തകരുമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ്- ജെഡിഎസ് എംഎഎമാരും കരുതുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങള്‍ പലതും ജെഡിഎസ് കൈയ്യടുക്കുമോയെന്ന ഭയവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ പലരും കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി. വിമത സ്വരം ഉയര്‍ത്തിയവര്‍ ബിജെപിയിലേക്ക് വരുമെന്ന് മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിസഭയെ വലിച്ച് താഴെയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യസര്‍ക്കാര്‍ തകരുമെന്നും ഉറച്ച് വിശ്വാസം പ്രകടിപ്പിച്ചിരുന്നു ബിജെപി അധ്യക്ഷ്യന്‍ യെദ്യൂരപ്പ. കര്‍ണാടകയിലെ ബിജെപി നേതൃത്വത്തിന് ആശ്വാസം പകരുകയാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിലെ ഭിന്നത.

(Visited 78 times, 1 visits today)