ഇന്റര്‍നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും സാധ്യതയും

0

ഇത് ഇന്റര്‍നെറ്റ് യുഗമാണ്. ലോകം തന്നെ വിരല്‍തുമ്പിലെത്തുമ്പോഴും ചിലര്‍ ഇതിനു നേരെ മുഖം തിരിക്കുന്നു.ഇന്നു വരെ കാണാത്തവനെ വിശ്വസിച്ച് കാശ് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു പണി മേടിച്ചവരുടെ, മേടിക്കുന്നവരുടെ യുഗം, ഇല്ലാത്ത സാധനം ഓര്‍ഡര്‍ ചെയ്ത് ഇപ്പൊവരും ഡോട്ട് കോമില്‍ ഷിപ്പിംഗ് സ്റ്റാറ്റസ് നോക്കി കൊണ്ടിരിക്കുന്നവരുടെ യുഗം, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായവരുടെ യുഗം…. എന്നാണ് ഇവരുടെ ഭാഷ്യം. ശരിക്കും ഇങ്ങനെ തട്ടിപ്പുകള്‍ മാത്രം ഉള്ളതാണോ ഇന്റര്‍നെറ്റ്? ചിലര്‍ക്ക് ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ്ബുക്കും വാട്‌സാപ്പും ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും മാത്രമാണ്. അനുഭവങ്ങളിലൂടെ ഇന്ത്യയില്‍ പലര്‍ക്കും ഇന്റര്‍നെറ്റ് എന്നാല്‍ തട്ടിപ്പാണ്. വെറും ചാറ്റും ഫീഡും മാത്രമാണ് 99 ശതമാനത്തിനും. കേവലം ഒരു ശതമാനം മാത്രമാണ് ഇന്റര്‍നെറ്റിന്റെ വ്യാപ്തി അറിയാവുന്നവര്‍, അതിനെ കൃത്യമായി മനസിലാക്കിയവര്‍, ഉപയോഗിക്കുന്നവര്‍. പലപ്പോഴും ഇതിന്റെ സാധ്യതകളെപ്പറ്റി അറിയാതെ, പ്രയോജനപ്പെടുത്താതെ ആണ് ഇന്റര്‍നെറ്റിനെ കരിന്പട്ടികയില്‍ പെടുത്തുന്നത്.

ഇന്റര്‍നെറ്റ് എന്നത് വൈദ്യുതി പോലെ തന്നെയാണ്. ആദ്യകാല കാന്‍ഡസെന്റ് ബള്‍ബുകള്‍ മുതല്‍ എല്‍ഇഡി ബള്‍ബുകളില്‍ വരെ വൈദ്യുതി എന്ന പോലെ, ഇവിടെയും ടെക്‌നോളജികള്‍ മാറി വന്നേക്കാം, പക്ഷേ, അടിസ്ഥാനം ഇന്റര്‍നെറ്റ് തന്നെയാണെന്ന് തിരിച്ചറിയണം. പല വിധത്തില്‍ നമ്മള്‍ വൈദ്യുതിയെ പ്രയോജനപ്പെ ടുത്തുന്നുണ്ട്. പക്ഷേ, ഇന്റര്‍നെറ്റിനെ പ്രയോജനപ്പെടു ത്തുന്നില്ല. അറിവില്ലായ്മ തന്നെയാണ് അതിനുള്ള പ്രധാന കാരണം.ഇന്റര്‍നെറ്റ് നമുക്കായി തുറന്നിട്ടിരിക്കുന്ന അവസരങ്ങളുടെ വ്യാപ്തി നാം തിരിച്ചറിയണം. കഴിഞ്ഞ ദശാബ്ദം ഇന്റര്‍നെറ്റിന്റെ വികാസം ആയിരുന്നെങ്കില്‍ ഈ ദശാബ്ദവും വരും കാലങ്ങളും അതിന്റെ ഉപഭോഗത്തിനുള്ളതാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ് ഇത്തരത്തില്‍ ഇന്ന് ലോകം ഏറ്റെടുത്തിരിക്കുന്ന ഒരു സംഗതി. പരന്പരാഗതമായ വിപണനതന്ത്രങ്ങളെ കാറ്റില്‍ പറത്തികൊണ്ട് ഇന്റര്‍നെറ്റിന്റെ മുഴുവന്‍ സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പുതുതരംഗമായി ആവിര്‍ഭവിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് കാണേണ്ടത് മാത്രം, കാണേണ്ട സമയത്ത,് കാണേണ്ട പോലെ കാണിച്ച് വിപണനം ചെയ്യുക എന്നുള്ളതെല്ലാം ഇതിന്റെ അനന്ത സാധ്യതകളില്‍ ചിലത് മാത്രം. അഫിലിയെറ്റ് മാര്‍ക്കറ്റിംഗ്, ഇന്‍ബൗണ്ട് മാര്‍ക്കറ്റിംഗ്, വൈറല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, പേഴ്‌സണല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി അനവധി മേഖലകളില്‍ ഇതു പരന്നു കിടക്കുന്നു.

ബിറ്റ്‌കോയിന് ഇന്ത്യയിലും കേരളത്തിലും പ്രചുരപ്രചാരം സൃഷ്ടിച്ചത് ഇത്തരത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയാണ്. തിരുവനന്തപുരത്തുള്ള ഉപ്പേരികള്‍ക്ക് ദുബായില്‍ പോലും മാര്‍ക്കറ്റ് ഉണ്ടാക്കിയതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാങ്കേതത്തിലൂടെയാണ്.

ഇന്റര്‍നെറ്റ് എന്നത് ഒരു സാധ്യതയാണ്, ലോകത്തിന്റെ മറ്റൊരു കോണില്‍ ജീവിക്കുന്ന ഒരാളെ നിങ്ങളുടെ ഉത്പന്നമോ സേവനമോ പരിചയപ്പെടുത്തി വിപണനം നടത്താവുന്ന ഒരു സാധ്യത. അതില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് ഒരു ഉപകരണവും, അത്തരം സേവനം അല്ലെങ്കില്‍ ഉത്പന്നം ആവശ്യമുള്ളവരെ മാത്രം തെരഞ്ഞെടുത്ത് വിപണനം സാധ്യമാക്കുന്ന ഉപകരണം. അതിരുകളില്ലാത്ത വിപണന സാധ്യത! ആവശ്യക്കാരനെ കണ്ടെത്തുന്നതു മുതല്‍ ഒരുവനെ ആവശ്യക്കാരനാക്കുന്നതു വരെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഒരു ഭാഗമാണ്.

ഇത്തരം സാധ്യതകള്‍ ഏറെ ഉണ്ടെങ്കിലും ഇന്നും ഇവിടുത്തെ പല കന്പനികളും പരന്പരാഗതമായ രീതിയില്‍ തന്നെ മാര്‍ക്കറ്റിംഗ് തുടരുന്നു. മിടുമിടുക്കരായ എംബിഎ ക്കാരും മറ്റും ഈ ടീമില്‍ ഉണ്ടാകുമെങ്കിലും ഇന്ന്, ഈ കാലഘട്ടത്തിന് ആവശ്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാങ്കേതികത്വം തന്നെയാണ്. കൂടുതല്‍ ആളുകളിലേക്ക് എളുപ്പം എത്തിപ്പെടുവാനുള്ള മാര്‍ഗം എന്നതു മാത്രമല്ല, ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗം കൂടിയെന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

(Visited 26 times, 1 visits today)