പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മധ്യപ്രദേശില്‍ നടന്ന ഡി.ജി.പി മാരുടെ യോഗത്തില്‍ ലോക് നാഥ് ബെഹ്‌റ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതായി ജനയുഗം റിപ്പോര്‍ട്ടു ചെയ്യുന്നു.

Subscribe Us:
പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വന്നപ്പോള്‍ നിരോധനത്തിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ യോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നെന്നും കിരണ്‍ റിജിജു പറഞ്ഞിരുന്നു.

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ വിളിച്ചുചേര്‍ത്ത ഡി.ജി.പി മാരുടെ യോഗത്തില്‍ ബെഹ്‌റ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

കഴിഞ്ഞവര്‍ഷം നാലു കേസുകള്‍ പരാമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകള്‍ പരിശോധിച്ചതില്‍ നാലു കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്ക് സ്ഥാപിക്കപ്പെട്ടതാണെന്നും എന്‍.ഐ.എ പറയുന്നു.

(Visited 63 times, 1 visits today)