യോഗിയുടെ ഉത്തര്‍പ്രദേശിനെ വിറപ്പിക്കാന്‍ കിസാന്‍ സഭ ഒരുങ്ങുന്നു

0

ചരിത്രം സൃഷ്ടിച്ച മുംബൈ ലോങ് മാര്‍ച്ചിനുശേഷം യോഗിയുടെ യുപിയെ വിറപ്പിക്കുവാന്‍ അഖിലേന്ത്യാ കിസാന്‍ സഭ ഒരുങ്ങുന്നു. ‘ചലോ ലക്‌നൗ’ എന്നു പേരിട്ടിരിക്കുന്ന മാര്‍ച്ച് ഈ മാസം 15ന് യുപിയില്‍ ആരംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തര്‍പ്രദേശിലേക്ക് കിസാന്‍ സഭ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, ഉപാധികളില്ലാതെ കടങ്ങള്‍ എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ‘ചലോ ലക്‌നൗ’ സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയുടെ നഗരവീധികളെ പ്രകമ്പനം കൊള്ളിച്ച ലോങ് മാര്‍ച്ചിന്റെ വിജയത്തിനുശേഷമാണ് ഉത്തര്‍പ്രദേശിലേക്ക് ‘ചലോ ലക്‌നൗ’വുമായി കിസാന്‍ സഭ എത്തുന്നത്. ഈ മാസം ആറിനായിരുന്നു നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോങ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററുകള്‍ സ്വന്തം കാല്‍നടയായാണ് സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന വലിയ സംഘം ആസാദ് മൈതാനിയില്‍ എത്തിച്ചേര്‍ന്നത്.

മുംബൈയിലെ ജനജീവിതത്തെ തന്നെ മാര്‍ച്ച് ബാധിച്ചുവെങ്കിലും ധീരാഭിവാദ്യം ചെയ്താണ് നഗരവാസികള്‍ മാര്‍ച്ചിനെ സ്വീകരിച്ചത്. ഇന്നലെ വൈകിട്ടോടെ കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കാമെന്നും വനാവകാശ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പ് നല്‍കി.

(Visited 99 times, 1 visits today)