ബുലന്ദ്ശഹര്‍ കൊലപാതകം: ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0

ഗോവധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി കൂടി പിടിയിലായി. ബി.ജെ.പി പ്രവര്‍ത്തകനായ ശിഖര്‍ അഖര്‍വാളാണ് ഹപൂരില്‍ പിടിയിലായത്. ‌ഡിസംബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 30 കഴിഞ്ഞു. നേരത്തെ, സുബോധ്കുമാര്‍ സിംഗിനു വെടിയേല്‍ക്കുന്നതിനു മുന്‍പ് മഴുകൊണ്ട് ആക്രമിച്ച കലുവ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ വെടിയേറ്റാണ്​ സുബോധ്​ കുമാര്‍ മരിച്ചത്​. വെടിയേല്‍ക്കുന്നതിന്​ തൊട്ട്മുമ്ബാണ്​ സുബോധ്​ കുമാര്‍ സിംഗിനെ​ മഴുകൊണ്ട് ആക്രമിച്ചത്​. വനത്തിനടുത്ത് പശുവിന്റെ ജഡങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ തടയാനാണ് പൊലീസ് ബുലന്ദ്ശഹറില്‍ എത്തിയത്. എന്നാല്‍ ജനക്കൂട്ടം സുബോധ് കുമാറിനെ ആക്രമിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ കോടാലികൊണ്ട് വെട്ടി വീഴ്‌ത്തി. തുടര്‍ന്ന് വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ വച്ച്‌ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവയ്‌ക്കുകയായിരുന്നു.സുബോധ്കുമാറിനെ പോയിന്റ് ബ്ലാങ്കില്‍ തലയ്‌ക്കുനേരെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്‌തിരുന്നു. വെടി വച്ചതിന് ശേഷവും സുബോധ് കുമാറിനെ അവര്‍ വെറുതെ വിട്ടില്ല. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാളെ വീണ്ടും വടി ഉപയോഗിച്ച്‌ മര്‍ദ്ദിച്ചു. പിന്നീട് രക്ഷിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായെന്നും പൊലീസ് പറയുന്നു.

(Visited 9 times, 1 visits today)