ബ്രസീല്‍ കപ്പടിക്കുമെന്ന് പ്രവചനങ്ങള്‍

0

പന്തടിമേളം തുടങ്ങാന്‍ ഒരുദിവസം മാത്രം ശേഷിക്കേ ലോകം ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ജൂലായ് 15-ന് മോസ്‌കോയിലെ ലുസ്‌നികി സ്റ്റേഡിയത്തില്‍ ആര് കപ്പുയര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവചനങ്ങളും പൊടിപൊടിക്കുകയാണ്.നെയ്മറും കുട്ടീന്യോയും ഫിര്‍മിനോയും മാഴ്‌സലോയും ഗബ്രിയേല്‍ ജീസസുമൊക്കെ അടങ്ങിയ ബ്രസീലാണ് ഇത്തവണ പ്രവചനക്കാരുടെ ഇഷ്ട ടീം. പ്രമുഖ ആഗോള നിക്ഷേപക ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പെടെ നാലു പ്രമുഖ പ്രവചനങ്ങളില്‍ ബ്രസീലിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ബ്രസീലിനു ശേഷം സാധ്യത കല്‍പ്പിക്കുന്നത് ജര്‍മനിക്കാണ്.ആറാമതും കപ്പുയര്‍ത്തി ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാര്‍ കളം വാഴുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. ടീമുകളുടെയും കളിക്കാരുടെയും ആകെയുള്ള പ്രകടനം, സമീപകാല മത്സരഫലങ്ങള്‍, സാധ്യതകള്‍ ഇവയെല്ലാം അക്കങ്ങളിലൂടെ കൂട്ടിയും കിഴിച്ചുമുള്ള വിലയിരുത്തലാണിത്. സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ രണ്ടുലക്ഷം മാതൃകകള്‍, 10 ലക്ഷം സാധ്യതകള്‍ എന്നിവ ഇതിനായി പരിശോധിച്ചു. പ്രവചനങ്ങള്‍ക്കായി നിര്‍മിതബുദ്ധിയാണ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഗോള്‍ഡ്മാന്‍ സാക്‌സ് ഉപയോഗിച്ചത്.ഡെന്‍മാര്‍ക്കിലെ ഡാന്‍സ്‌കെ ബാങ്ക് പുറത്തുവിട്ട പ്രവചനത്തിലും കപ്പടിക്കാന്‍ സാധ്യതയുള്ള ടീം ബ്രസീല്‍ തന്നെ. ജര്‍മന്‍ ബാങ്കായ കൊമേഴ്‌സ് ബാങ്കിന്റെ പ്രവചനം നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് അനുകൂലമാണ്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അനലിസ്റ്റുകള്‍ ബ്രസീല്‍ കഴിഞ്ഞാല്‍ സാധ്യത കല്‍പ്പിക്കുന്ന ടീം ഫ്രാന്‍സാണ്.ബ്രസീല്‍-ഫ്രാന്‍സ് സെമിയാണ് അവര്‍ പ്രവചിക്കുന്നത്. അവിടെ ബ്രസീല്‍ ജയിക്കുമെന്നും പറയുന്നു. സ്വിസ് ബാങ്കായ യു.ബി.എസ്. ജര്‍മനി കപ്പടിക്കുമെന്നാണ് പറയുന്നത്. ഇന്‍സ്ബ്രുക് സര്‍വകലാശാലയിലെ പഠനം പറയുന്നത് ജര്‍മനി-ബ്രസീല്‍ ഫൈനലാണ്.

(Visited 165 times, 1 visits today)