അഞ്ജലി പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ നസ്രിയയെ കാസ്റ്റ് ചെയ്യൂ; ഫഹദ്

0

അഞ്ജലി പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ നസ്രിയയെ കാസ്റ്റ് ചെയ്യൂ…..അസ്വസ്ഥനായാണ് ഫഹദ് ഇപ്രകാരം പറഞ്ഞത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവമാണിത്. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ നസ്രിയയെ കുറിച്ചുള്ള ഫഹദിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഫഹദിന്റ കുറിപ്പിന് നന്ദിയറിയിച്ച് നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം പങ്കുവെച്ച് അഞ്ജലി മേനോന്‍ എത്തിയിരിക്കുന്നത്.

കൂടെയെ കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ കുറിപ്പ് എനിക്കിഷ്ടമായി. അതെന്നെ നാല് വര്‍ഷം മുമ്പ് സംഭവിച്ച ഒരു വിഷയത്തെ ഓര്‍മ്മിപ്പിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണത്തിന്റെ അവസാന ദിവസം പിരിയുന്നതിനെ കുറിച്ചോര്‍ത്ത് അല്‍പം സെന്റി അടിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍. അതുകൊണ്ട് ഷൂട്ടിംഗിന് ശേഷം ഡിന്നറിന് ഞങ്ങള്‍ ഒത്തുകൂടി. ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, റിന്ന, ലിറ്റില്‍, പിന്നെ ഞാനും. ഡിന്നറിന്റെ സമയത്ത് നസ്രിയ-ഫഹദ് വിവാഹം സംസാര വിഷയമായി. വിവാഹം കഴിഞ്ഞാല്‍ നസ്രിയയുടെ ജീവിതം അവസാനിക്കും എന്നുള്ള പൊതുധാരണ സിനിമാ മേഖലയില്‍ നില്‍ക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു.

അതുകേട്ട് അസ്വസ്ഥനായ ഫഹദ് എന്നോട് പറഞ്ഞു, അഞ്ജലി പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ അവളെ കാസ്റ്റ് ചെയ്യൂ. നസ്രിയ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ആരാണ് കരുതുന്നത്. ഞാന്‍ അദ്ഭുതപ്പെട്ടുപോയി…നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നസ്രിയ എന്റെ അടുത്ത ചിത്രത്തിന്റെ ഭാഗമാകുന്നു. ഇടയ്ക്കിടെ അവളുടെ അഭിനയം കാണാന്‍ ഫഹദ് ഞങ്ങളുടെ സെറ്റില്‍ എത്താറുണ്ട്. അവരെ കുറിച്ചോര്‍ത്ത് വളരെ സന്തോഷം തോന്നുന്നു.

ഷൂട്ടിംഗിന്റെ തിരക്കുകളില്‍ എനിക്ക് നിങ്ങളോട് ഇത്രയും പറയണമെന്നുണ്ട് ഫഹദ്, അവളുടെ ചിറകുകള്‍ക്കടിയിലെ കാറ്റായി നിങ്ങള്‍ നിലകൊള്ളുന്നത് വലിയ കാര്യമാണ്. ആശംസകള്‍ക്ക് നന്ദി….സന്തോഷത്തോടെയിരിക്കൂ…

(Visited 101 times, 1 visits today)