അതൊരു വല്ലാത്ത ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു: ആലിയ ഭട്ട്

0

ആലിയ ഭട്ട് ശ്രദ്ധേയമായൊരു വേഷം ചെയ്ത ചിത്രമാണ് റാസി. ഒരു പാക് സൈനികനെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ ചാരവനിതയുടെ വേഷമാണ് ഇതില്‍ ആലിയക്ക്. എന്നാല്‍, സ്വന്തം ഭര്‍ത്താവിന്റെ മേല്‍ ചാരപ്രവൃത്തി നടത്തുന്ന സിനിമയിലെ വേഷത്തേക്കാള്‍ വിഷമകരമായിരുന്നു അതിന്റെ ചിത്രീകരണവേളയിലെ അനുഭവമെന്ന് പറയുന്നു ആലിയ.

അത് മറ്റൊന്നുമല്ല, സിനിമയില്‍ ആലിയയുടെ സെഹ്മത് ഒരു ജോംഗ ഓടിക്കുന്ന രംഗമുണ്ട്. ചിത്രത്തിന്റെ നിര്‍ണായകമായ ഒരു ഭാഗത്താണ് ഈ രംഗം വരുന്നത്. ഇതിന്റെ ചിത്രീകരണം ഭീതിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ആലിയ പറയുന്നത്.

ചിത്രത്തിലെ ഏറ്റവും ഭയാനകമായ കാര്യം എനിക്കൊരു ജോംഗ ഓടിക്കേണ്ടിവന്നു എന്നതാണ്. ഇതിന് മുന്‍പ് ഒരിക്കല്‍പ്പോലും ഞാന്‍ ഈ വാഹനം ഓടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് ആശങ്കയുമുണ്ടായിരുന്നു. പോരാത്തതിന് അത് ചിത്രത്തിലെ സുപ്രധാനമായൊരു രംഗവുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ അത് ഓടിക്കാന്‍ പഠിച്ചത്. ചിത്രം നിര്‍മിക്കുന്ന ധര്‍മ പ്രൊഡക്ഷന്‍സിന്റെ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കാലത്ത് ഏഴ് മണിക്ക് മുന്‍പ് എത്തിയായിരുന്നു പരിശീലനം. ആ സമയത്ത് മാത്രമായിരുന്നു അവിടെ ആളുകളും വാഹനങ്ങളുമൊന്നും ഇല്ലാത്തത്-ആലിയ പറഞ്ഞു.

ചിത്രീകരണസമയം ബുദ്ധിമുട്ട് നേരിട്ട മറ്റൊരു കാര്യം മോസ് കോഡ് പഠിക്കുകയായിരുന്നു. സിനിമയില്‍ എന്റെ കഥാപാത്രം വിവരങ്ങള്‍ കൈമാറിയിരുന്നത് മോസ് കോഡ് വഴിയായിരുന്നു. ഇത് സ്വായത്തമാക്കുക ഒരുപാട് വിഷമമുള്ള കാര്യം തന്നെയായിരുന്നു. എങ്കിലും ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ സ്‌ക്രീനിലെ എന്റെ ചാരവൃത്തി രസകരമായിരുന്നുവെന്ന് തോന്നുന്നു-ആലിയ പറഞ്ഞു.

(Visited 69 times, 1 visits today)