നിപ്പ അറിയേണ്ടത്‌…

0

നിപ്പ വൈറസിനെ ജനങ്ങൾ ഇന്നും ഭീതിയോടെയാണ് നോക്കി കാണുന്നത്. വൈറസ് പടരാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ജനങ്ങൾക്ക് പൂർണമായും ആശ്വസിക്കാൻ തക്കതായ വാർത്തകളൊന്നും ലഭിച്ചിട്ടില്ല. ഇടക്ക് സ്ഥിതി ഒന്ന് മെച്ചപ്പെട്ടെങ്കിലും നിപ്പ എന്ന വില്ലൻ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അത് ജനങ്ങളെ ഒന്നുകൂടെ പരുങ്ങലിലാക്കി. നിപ്പ വൈറസ് ബാധിച്ചു ഇതുവരെ 17 പേരാണ് കോഴിക്കോട് മരിച്ചത്. കൂടാതെ നിരവധി പേരാണ് നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 16 ന് ശേഷമേ സ്കൂളുകൾ തുറക്കുന്നുള്ളു.
ഓരോ ദിവസം കഴിയുംതോറും ഓരോരുത്തരുടെയായി ജീവൻ കവരുകയാണ് നിപ്പ വൈറസ്.

രോഗാണു ശരീരത്തിൽ പ്രവേശിക്കുകയും തുടർന്ന് രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്നത് വരെയുള്ള സമയമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്‌. എന്നാൽ രോഗം പകരാൻ മാത്രമുള്ള രോഗാണുക്കൾ ശരീര സ്രവങ്ങളില്‍ ഈ സമയപരിധിക്കുള്ളിൽ ഉണ്ടാവാത്തതുകൊണ്ടു തന്നെ ഈ കാലയളവില്‍ രോഗം പകരില്ല. പനിയോടുകൂടെയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് നിപ്പ വൈറസിന്റെ ആദ്യഘട്ടത്തിൽ കണ്ടുവരുന്നത്. ചര്‍ദ്ദി, സ്ഥലകാല വിഭ്രാന്തി, ശ്വാസതടസം അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.

വവ്വാലുകളിൽ നിന്നും പന്നി തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നുമാണ് വൈറസ് സാധാരണയായി പകരുന്നത്. കൂടാതെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയും ഈ വൈറസ് പകരാം. നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടുകൂടെയുള്ള നിരവധി പേരാണ് നമ്മുക് ചുറ്റും ഇന്നുള്ളത്. ആർക്ക് എപ്പോൾ വേണമെങ്കിലും ഇന്നത്തെ അവസ്ഥയിൽ ഈ രോഗം പിടിപെടാം. കാരണം കൃത്യമായ മരുന്ന് ഇനിയും ഈ അസുഖത്തിനെ തരണം ചെയ്യാൻ കണ്ടെത്തിയിട്ടില്ല.

രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം, നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത നീര് തുടങ്ങിയവയാണ് നിപ്പ സ്ഥിരീകരിക്കാനായി നടത്തി വരുന്ന ടെസ്റ്റുകൾ. രോഗിയുമായി അടുത്തിടപെടുന്നവർ കൂടുതൽ ശ്രദ്ധിക്കണം. രോഗം വന്നിട്ട്‌ ചികില്‍സിക്കുന്നതിലും നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്. രോഗംബാധിച്ചവരെ ശുശ്രൂഷിക്കുമ്പോൾ കൈയുറകളും മാസ്ക്കും ധരിക്കണം. രോഗംബാധിച്ച് കിടക്കുന്നവരുടെ മുറി ബ്ലീച്ചിങ് പൗഡര്‍ കലക്കി ഉണ്ടാക്കുന്ന ലായനി ഒഴിച്ച് നന്നായി വൃത്തിയാക്കുക, അവര്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റും ഇതു പോലെ തന്നെ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍ പുഴുങ്ങി അലക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യുക. രോഗിക്ക് ആവശ്യമായത് ചെയ്ത് കൊടുത്ത ശേഷം കൈയും കാലും നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. അല്ലാത്ത പക്ഷം വൈറസ് പകരാനുളള സാധ്യതയേറെയാണ്‌

ഇതിനൊക്കെ പുറമെ മൃതദേഹങ്ങളിൽ നിന്നും വൈറസ് പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനൊരുദാഹരണമാണ്. നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിൽസിച്ച നഴ്സ് ലിനിക്ക് വൈറസ് ബാധിക്കുകയും തുടർന്ന് ലിനി മരിക്കുകയും ചെയ്തത്. എന്നാൽ ലിനിയുടെ മൃതദേഹം അടുത്ത ബന്ധുക്കളായല്ലാതെ വേറെയാരെയും കാണിക്കുകയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടില്ല. പകരം അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. മൃദദേഹത്തിലൂടെയും വൈറസ് പകരും എന്നതിനാലാണ് സ്വന്തം ഭർത്താവിനോ മക്കൾക്കോ അവസാനമായി ഒരു നോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ സംസ്‌കരിച്ചത്.

ഈ രോഗം ഇന്നും നിയന്ത്രണ വിധേയമാണെന്ന് തീർത്തും ആരോഗ്യ വകുപ്പ് പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജനങ്ങളുടെ പരിഭ്രാന്തിക്ക് അവസാനവുമില്ല. രോഗം കണ്ടെത്തിയത് മുതല്‍ 42 ദിവസത്തെ കാലയളവില്‍ മറ്റാര്‍ക്കും രോഗം വന്നില്ലെങ്കില്‍ രോഗം നിയന്ത്രണവിധേയമായി എന്ന് പറയാം. എന്നാൽ നിപ്പ വൈറസ് തുടങ്ങി ഇന്നോളം സമാധാനിക്കണ്ട ഒരു കണിക പോലും ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഇത് നിയന്ത്രണവിധേയമാണെന്ന് പറയാൻ സാധിക്കും.

ഇതാദ്യമായല്ല നിപ്പ എന്ന വില്ലൻ ജനങ്ങളെ കാർന്നു തിന്നുന്നത്. ഇതിന് മുമ്പും ഈ വൈറസ് ജനങ്ങളെ വേട്ടയാടിയിട്ടുണ്ടെന്ന് 2004 ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനി എത്ര നാൾ കാത്തിരിക്കണം ഈ വൈറസിൽ നിന്നും മുക്തിനേടാൻ എന്നറിയില്ല. ഇനി എത്ര ജീവനുകൾ കവരാൻ ബാക്കിയുണ്ടെന്നും അറിയില്ല. എന്തിരുന്നാലും നിപ്പ വൈറസിനെ പ്രതിരോധിക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും കൊണ്ട് വന്ന മരുന്നിനെങ്കിലും സാധിക്കട്ടെ.

(Visited 24 times, 1 visits today)