സാക്ഷരതക്ക് ഊര്‍ജ്ജമേകിയ ചേലക്കാടന്‍ ആയിഷ അന്തരിച്ചു

0

Ayisha

കേരളത്തില്‍ സാക്ഷരതാപ്രസ്ഥാനത്തിന് ഊര്‍ജവും ആവേശവും പകര്‍ന്ന ചേലക്കാടന്‍ ആയിഷ അന്തരിച്ചു. 80 വയസായിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാപ്രഖ്യാപനം നടത്തിയത് ചേലക്കാടന്‍ ആയിഷയായിരുന്നു.
1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കാടന്‍ ആയിഷ പില്‍ക്കാലത്ത് അറിവിന്റെ അക്ഷരവെളിച്ചം മറ്റുള്ളവര്‍ക്ക് പകരുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു.
58 വയസില്‍ കാവനൂര്‍ കുറ്റിപ്പറമ്പ് അംഗനവാടിയിലെ പത്തോളം പോര്‍ക്കൊപ്പമാണ് ആയിഷ സാക്ഷര വെളിച്ചത്തിന്റെ ലോകത്തേക്ക് കടന്നത്. അക്ഷരങ്ങളോട് ചങ്ങാത്തം കൂടി പ്രായത്തെ തോല്‍പിച്ച മനോധൈര്യവുമായി പഠനനാളുകളില്‍ തന്നെ ആയിഷ ശ്രദ്ധിക്കപ്പെട്ടു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ നീണ്ട ലിസ്റ്റില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് ആയിഷയ്ക്ക് കുറി വീണത്.
അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരടക്കം പല പ്രമുഖരും കേരളത്തിന്റെ ചരിത്രനേട്ടം ആയിഷയുടെ വാക്കുകളിലൂടെ കേട്ടറിയാന്‍ അന്ന് മാനാഞ്ചിറ മൈതാനത്ത് എത്തിയിരുന്നു. അതിനു ശേഷമുള്ള 22 വര്‍ഷക്കാലവും തന്റെ ജീവിതം ആയിഷ ചെലവഴിച്ചത് അക്ഷര വെളിച്ചം സഹജീവികള്‍ക്ക് പകര്‍ന്ന നല്‍കാനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാക്ഷരതാ അംബാസിഡറായും അവര്‍ അറിയപ്പെട്ടു.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കാവനൂരിലെ വസതിയിലായിരുന്നു ചേലക്കാടന്‍ ആയിഷയുടെ അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ 11ന് കാവനൂര്‍ ടൗണ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

(Visited 12 times, 1 visits today)