സരബ്ജിത്ത് സിങ്ങിന് പാക്കിസ്ഥാനില്‍ ദാരുണാന്ത്യം

0

Sarabjit_New_295
പാക്ജയിലില്‍ സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങ് മരിച്ചു. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ ഇന്ത്യന്‍സമയം രാത്രി ഒരുമണിയോടെയായിരുന്നു മരണം. മൃതദേഹം വിട്ടുനല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

ആരോഗ്യസ്ഥിതി പൂര്‍ണായും വഷളായതിനെത്തുടര്‍ന്ന് രാത്രിയോടെ വെന്റിലേറ്ററില്‍നിന്ന് മാറ്റുകയായിരുന്നു. തലക്കേറ്റ ക്ഷതംമൂലം സരബ്ജിത്ത് സിങിന്റെ തലച്ചോര്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ബോധനിലയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്ന ഗ്ലാസ്‌ഗോ കോമ സ്‌കെയിലിന്റെ അളവ് അപകടകരമാംവിധം താഴ്ന്നനിലയിലായിരുന്നു. ജീവന്‍ അവശേഷിക്കുന്നതിന്റെ ഏകലക്ഷണമായിരുന്ന ഹൃദയമിടിപ്പുകൂടി നിലച്ചതോടെയായിരുന്നു മരണം.

പാക്കിസ്ഥാന്‍ മാധ്യമങ്ങളിലൂടെയാണ് ലോകം വാര്‍ത്ത അറിഞ്ഞത്. ഇന്ത്യന്‍ ഹൈക്കമ്മീഷനെ ജിന്ന ഹോസ്പിറ്റല്‍ അധികൃതരാണ് മരണവിവരം ഫോണില്‍വിളിച്ച് അറിയിച്ചത്. ലഹോറിലെ കോട്ട് ലഖ്പത് ജയിലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരാണ് സരബ്ജിത്തിനെ ആക്രമിച്ചത്. സംഭവത്തെതുടര്‍ന്ന് ജയില്‍ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. തടവുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ജയിലിനകത്ത് സരബ്ജിത്ത് സിങിനെതിരെ നടന്ന ആക്രമണം ജയിലധികൃതരുടെ സഹായത്തോടെ തീവ്രവാദസംഘടന ആസൂത്രണം ചെയ്തതാണെന്ന ആരോപണമുയരുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനുശേഷം സഹതടവുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി സരബ്ജിത്ത് പറഞ്ഞിരുന്നു. സരബ്ജിത്തിനെ വിദഗ്ധചികില്‍സയ്ക്കായി പാക്കിസ്ഥാന് പുറത്തേക്ക് മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാന്‍ ചെവിക്കൊണ്ടിരുന്നില്ല.

1990 ഓഗസ്റ്റിലാണ് പഞ്ചാബിലെ ഭിഖിവിണ്ട് സ്വദേശിയായ സരബ്്ജിത്ത് സിങ് (49)പാക്കിസ്ഥാന്റെ പിടിയിലാവുന്നത്. അതിര്‍ത്തികടന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. പിന്നീട് പാക് പൊലീസ് ലാഹോറിലും മുള്‍ട്ടാനിലും 14 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങളില്‍ പങ്ക് ആരോപിച്ച് കേസെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ചാരനാണ് സരബ്ജിത്ത് സിങ്ങെന്നും പാക്കിസ്ഥാനില്‍ സ്‌ഫോടനം നടത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്‌റ്റെന്നുമായിരുന്നു പാക് പൊലീസ് ഭാഷ്യം.പഞ്ചാബിലെ ടാണ്‍ ടരണ്‍ ജില്ലയിലെ ഇന്ത്യ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമമാണ് സരബ്്ജിത്തിന്റെ സ്വദേശമായ ഭിഖിവിണ്ട്.കര്‍ഷകനായ സരബ്ജിത്ത് സിങ് അബദ്ധത്തില്‍ അതിര്‍ത്തി കടന്നതായാണ് കുടുംബം പറയുന്നത്. എന്നാല്‍ പൊലീസ് ചുമത്തിയ കുറ്റങ്ങളില്‍1991 ല്‍ പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

(Visited 1 times, 1 visits today)