റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സൈയുടെ ജെന്റില്‍മാന്‍

0

സാങ്കല്‍പ്പിക കുതിരയ്ക്കു മേലിരുന്ന് കൈ പിണച്ചുകൊണ്ടുള്ള മാസ്റ്റര്‍പീസ് ചുവടുമായി ലോകമെങ്ങും ആരാധകകോടികളെ നേടിയ കൊറിയന്‍ പോപ്പ് താരം സൈയുടെ പുതിയ വിഡിയോ ജെന്‍റില്‍മാന്‍

യൂട്യൂബില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ശനിയാഴ്ച യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതിനകം 82 ദശലക്ഷം പേരാണ് കണ്ടത്. ലോകത്ത് ഏറ്റവുമധികം തവണ കണ്ട യൂട്യൂബ് വിഡിയോ എന്ന റെക്കോര്‍ഡ് നേടിയ സൈയുടെ തന്നെ ഗങ്നം സ്‌റ്റൈലിന്‍റെ റെക്കോര്‍ഡ് ഇങ്ങനെ പോയാല്‍ ജെന്‍റില്‍മാന്‍

തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിനകം ഇരുപതു ദശലക്ഷം പേരാണ് ജെന്‍റില്‍മാന്‍ കണ്ടത്. കൗമാരപോപ്പ് താരം ജസ്റ്റിന്‍ ബീബറുടെ ബോയ്ഫ്രണ്ട് എന്ന ഗാനം 24 മണിക്കൂറിനുള്ളില്‍ കണ്ടത് എട്ടു ദശലക്ഷം പേര്‍ മാത്രമായിരുന്നുവെന്ന് ചരിത്രം ഇനി രേഖപ്പെടുത്തും.

കുതിരയെ ഒാടിക്കുന്നതു പോലെയുള്ള കുറച്ചു ചാട്ടങ്ങളും കൊറിയക്കപ്പുറം ആര്‍ക്കും കൃത്യമായി മനസ്സിലാകാത്ത കുറെ വാക്കുകളുമായി യൂട്യൂബില്‍ ആരാധകഹൃദയങ്ങളെ കീഴടക്കിയ ഗങ്നം സ്‌റ്റൈല്‍ 150 കോടി തവണയാണ് ആഗോള ജനത കണ്ടത്.

“നാല്‍പതു മണിക്കൂറില്‍ 51 ദശലക്ഷം പേര്‍ കണ്ട വീഡിയോ, എന്‍റെ ദൈവമേ…” സൈ ട്വിറ്ററില്‍ കുറിച്ചു. ലോകമാകമാനമുള്ള ഹിറ്റ് ചാര്‍ട്ടുകളിലും ജെന്‍റില്‍മാന്‍ തരംഗം സൃഷ്ടിച്ചു. ബ്രിട്ടനില്‍ ഈ ഗാനം ഹിറ്റ് പട്ടികയില്‍ എട്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ എഴാമതെത്തിയെന്ന് ആപ്പിള്‍ ഐ ട്യൂണ്‍സ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോകം മൊത്തമുള്ള ഹിറ്റ് പട്ടികയില്‍ ശനിയാഴ്ചത്തെ തൊണ്ണൂറാം സ്ഥാനത്തു നിന്നും തിങ്കളാഴ്ച ഇരുപത്തിയൊന്നാം റാങ്ക് എന്ന നിലയില്‍ ജെന്‍റില്‍മാന്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു.

(Visited 1 times, 1 visits today)