രാജാക്കാട്ടെ ബസ്‌ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന്‌ റിപ്പോര്‍ട്ട്‌

0

Accident (1)
ഇടുക്കി രാജാക്കാട്ടെ ബസ്‌ അപകടത്തിന്‌ കാരണമായത്‌ ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌. അപകട സാധ്യതയേറിയ റോഡില്‍ മുന്നറിയിപ്പ്‌ സംവിധാനങ്ങളില്ലാതിരുന്നതും ദുരന്തത്തിന്‌ കാരണമായി. മോട്ടോര്‍ വാഹനവകുപ്പ്‌ തയാറാക്കിയ റിപ്പോര്‍ട്ട്‌ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ക്കും കൈമാറി.

എട്ട്‌ പേരുടെ ജീവനെടുത്ത രാജാക്കാട്‌ ബസ്‌ അപകടത്തിന്‌ കാരണമായി മൂന്ന്‌ കാര്യങ്ങളാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഒന്ന്‌ ഇടുക്കിയിലേത്‌ പോലുള്ള മലമ്പാതകളില്‍ വാഹനമോടിക്കുന്നതില്‍ ഡ്രൈവര്‍ക്കുള്ള പരിചയക്കുറവ്‌. കുത്തിറക്കം നിറഞ്ഞ റോഡിലൂടെ ബസ്‌ അമിതവേഗതയിലാണ്‌ വന്നത്‌. രണ്ടാം ഗീയറില്‍ ഓടിക്കേണ്ടിടത്ത്‌ നാലാം ഗീയറില്‍ ഓടിച്ചതാണ്‌ വേഗതയ്‌ക്ക്‌ കാരണം. ഇത്‌ റോഡിനേക്കുറിച്ചുള്ള പരിചയക്കുറവ്‌ മൂലമാണ്‌. ഡ്രൈവറുടെ അശ്രദ്ധയാണ്‌ രണ്ടാം കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. റോഡിന്റെ ഇടത്‌ വശത്തൂടെ വന്ന ബസ്‌ അപകടത്തില്‍ പെടുന്ന സമയത്ത്‌ ബ്രേക്ക്‌ അമര്‍ത്താനോ വെട്ടിച്ച്‌ മാറ്റാനോ ശ്രമിച്ചതായി കാണുന്നില്ല. ഇങ്ങിനെ ചെയ്‌തിരുന്നെങ്കില്‍ റോഡിലൂടെ അല്‍പം കൂടി മുന്നോട്ട്‌ പോയശേഷം ആഴം കുറഞ്ഞ ഭാഗത്തേ ബസ്‌ മറിയുകയുള്ളായിരുന്നു. അശ്രദ്ധമൂലമാണ്‌ ഇത്‌ സാധിക്കാതെ പോയത്‌. എസ്‌ ആകൃതിയിലുള്ള കൊടുംവളവും ഇറക്കവും നിറഞ്ഞ റോഡില്‍ ഇത്‌ വ്യക്‌തമാക്കുന്ന ട്രാഫിക്‌ സിഗ്നലുകളില്ലാതിരുന്നത്‌ അപകടത്തിന്റെ മൂന്നാമത്തെ കാരണമായും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. അതേസമയം ബസിന്‌ സാങ്കേതികമായി തകരാറുകളില്ലാതിരുന്നൂവെന്നാണ്‌ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്‌.ഇടുക്കി ആര്‍.ടി.ഒ റോയി മാത്യുവും രണ്ട്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരും ഉള്‍പ്പെടെ നാല്‌ പേരടങ്ങുന്ന സംഘമാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.

(Visited 4 times, 1 visits today)