മലേഷ്യയില്‍ ഭരണ മുന്നണി വീണ്ടും അധികാരത്തിലേക്ക്

0

malesia
മലേഷ്യയില്‍ ഭരണ മുന്നണിയായ നാഷണല്‍ ഫ്രണ്ട് വീണ്ടും അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷമായ 112 സീറ്റുകള്‍ നേടിയതോടെയാണ് 56 വര്‍ഷം നീണ്ട ഭരണത്തിന് തുടര്‍ച്ച ലഭിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന് പ്രതിപക്ഷം ആരോപിച്ചു.
മലേഷ്യയില്‍ ഞായറാഴ്ച നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ 80 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആകെയുള്ള 222 പാര്‍ലമെന്റ് സീറ്റുകളില്‍ കേവലഭൂരിപക്ഷമായ 112 സീറ്റുകള്‍ നേടിയാണ് ഭരണകക്ഷിയായ നാഷണല്‍ ഫ്രണ്ട് അധികാരം നിലനിര്‍ത്തിയത്. യുണൈറ്റഡ് മലായിസ് നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ പാര്‍ട്ടി നയിക്കുന്ന നാഷണല്‍ ഫ്രണ്ട് 56 വര്‍ഷമായി അധികാരത്തിലേറിയിട്ട്. 2008ലെ പൊതുതെരെഞ്ഞെടുപ്പില്‍ ആദ്യമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട മുന്നണിക്ക് ഇത്തവണയും കടുത്ത പോരാട്ടമാണ് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ അന്‍വര്‍ ഇബ്രാഹിം നയിക്കുന്ന പീപ്പിള്‍സ് പാര്‍ക്ക് സഖ്യത്തില്‍ നിന്നും നേരിടേണ്ടി വന്നത്.
തെരെഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിദേശികള്‍ക്ക് വോട്ടവകാശം നല്‍കിയതുള്‍പ്പെടെ ഉള്ള ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തെരെഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്ന തരത്തിലുള്ള വിഡിയോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. സാധ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം പറഞ്ഞു. അതേ സമയം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി എല്ലാ പാര്‍ട്ടികളും ഫലം അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നജീബ് റസാഖ് അഭ്യര്‍ത്ഥിച്ചു.

 

(Visited 4 times, 1 visits today)