ഭൂപരിഷ്‌കരണ ഭേദഗതി: മിച്ചഭൂമി അവശേഷിക്കില്ലെന്ന് ലാന്റ് ബോര്‍ഡ്

0

cashew
2005ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ഒരുതുണ്ട് മിച്ചഭൂമി പോലും അവശേഷിക്കില്ലെന്ന് സംസ്ഥാന ലാന്റ് ബോര്‍ഡ്. കശുമാവ് കൃഷിയെ തോട്ടങ്ങളുടെ പട്ടികയില്‍ കാലപരിധി നിശ്ചയിക്കാതെ ഉള്‍പ്പെടുത്തിയതോടെയാണ് മിച്ചഭൂമി നഷ്ടമാവുക. നിയമത്തില്‍ അടിയന്തര ഭേദഗതി കൊണ്ടുവരണമെന്ന് ലാന്റ് ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ഒന്നര മാസം മുന്‍പാണ് നിയമഭേദഗതി ആവശ്യപ്പെട്ട് ലാന്റ് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ലാന്റ് ബോര്‍ഡിന്റെ അഭിപ്രായത്തില്‍ കശുമാവ് കൃഷിയെ തോട്ടങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് മിച്ചഭൂമി ഇല്ലാതാകുന്നത്. കശുമാവ് കൃഷി ആരംഭിച്ച് വന്‍കിട ഭൂവുടമകള്‍ക്ക് മിച്ചഭൂമിയുടെ പരിധിയില്‍ നിന്ന് രക്ഷപ്പെടാനാകും. ഭാവിയില്‍ ഒരു തുണ്ട് ഭൂമി പോലും മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ലാന്‍ഡ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
1964 ഏപ്രില്‍ ഒന്നിനു മുന്‍പ് തോട്ടങ്ങളായ ഭൂമിക്കു മാത്രമേ ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവ് ലഭിക്കുകയുള്ളൂ. 2005ലെ ഭേദഗതിയില്‍ ഇളവിന് കാലപരിധി നിശ്ചയിച്ചിട്ടില്ല. കാലപരിധി നിശ്ചയിക്കാത്തതിനാല്‍ ഏതു സമയത്തും കശുമാവ് കൃഷി ആരംഭിച്ചാല്‍ ഇളവ് നല്‍കേണ്ടി വരും. ഇത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് ലാന്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
ലാന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട്് തവണ ചീഫ് സെക്രട്ടറി യോഗം വിളിച്ചു. റവന്യൂ നിയമ വകുപ്പ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയും ലാന്റ് ബോര്‍ഡ് നിലപാടിനെ എതിര്‍ത്തു. എന്നാല്‍ റവന്യു സെക്രട്ടറി ഇതിനോട് യോജിച്ചില്ല. തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിയാതെ രണ്ട് തവണയും യോഗം പിരിഞ്ഞു. കാലപരിധി നിശ്ചയിക്കാതെ കശുമാവ് കൃഷിയെ തോട്ടങ്ങളുടെ പട്ടികയില്‍ പെടുത്തിയ നടപടി സര്‍ക്കാര്‍ പുനപരിശോധിച്ചേക്കും. കശുമാവ് കൃഷിക്കും കാലപരിധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ നീക്കം.

(Visited 1 times, 1 visits today)