ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനം: സൗദി പൗരന്‍ പിടിയിലായെന്ന് സൂചന

0

Boston
ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു സൌദി പൌരന്‍ കസ്റ്റഡിയിലെന്ന് സൂചനകള്‍. എന്നാല്‍ എഫ്ബിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബോസ്റ്റണില്‍ സ്‌ഫോടനം നടന്നയിടത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട സൌദി പൌരനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു എന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കും സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ദൃക്‌സാക്ഷികളാണ് ഇയാളെക്കൂറിച്ച് പൊലീസിന് വിവരം നല്‍കിയത്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് എഫ്ബിഐ നല്‍കുന്ന വിവരം. ഒരു ദൃക്‌സാക്ഷിയാണ് ഇയാളെ പിന്തുടര്‍ന്ന് പിടിച്ച് ബോസ്റ്റണ്‍ പൊലീസിന് കൈമാറിയത്.
ബോസ്റ്റണ്‍ സ്‌ഫോടനത്തെ ഭീകരാക്രമണമായി കരുതിയാണ് അമേരിക്ക അന്വേഷണം നടത്തുന്നത്.

ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനിനു സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 144 ഓളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിലൊന്നായ ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിലെ ആദ്യസ്ഥാനക്കാര്‍ ഫിനിഷിങ് ലൈന്‍ കടന്ന് രണ്ടു മണിക്കൂറിനു ശേഷമാണ് സ്‌ഫോടനമുണ്ടായത്.

 

(Visited 1 times, 1 visits today)