കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം

0

tony-chammani
കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ എഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. മേയര്‍ സ്ഥാനം വിട്ടുനല്‍കണമെന്ന ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരുടെ ആവശ്യത്തിന്‍മേല്‍ അന്തിമ തീരുമാനം കെപിസിസി നേതൃത്വത്തിന് വിട്ടു. മേയറെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും അറിയിച്ചിട്ടുണ്ട്.
മേയര്‍ സ്ഥാനത്തിനായുള്ള തര്‍ക്കത്തില്‍ സമവായമുണ്ടാക്കാനായി ചേര്‍ന്ന കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഗ്രൂപ്പ് പോര് ആഞ്ഞടിച്ചത്. ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. എ ഗ്രൂപ്പുകാരനായ മേയര്‍ ടോണി ചമ്മിണി എത്രയും വേഗം രാജിവെക്കണമെന്ന് ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷമുള്ള എ വിഭാഗം ഇത് അംഗീകരിക്കാതെ വന്നതോടെ സമവായ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളട്ടേയെന്ന നിലപാടിലെത്തിയത്. ആദ്യഘട്ട ഒത്തുതീര്‍പ്പെന്ന നിലയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവികള്‍ പുനസംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. 72 അംഗ കൗണ്‍സിലില്‍ എ ഗ്രൂപ്പിന് 26ഉം ഐ ഗ്രൂപ്പിന് 14ഉം പ്രതിനിധികളാണുള്ളത്. ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാലിന്റെ വിശ്വസ്ഥന്‍ ടി.ജെ. വിനോദിനെ മേയറാക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് എ വിഭാഗം നിലപാട് എടുത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിര്‍ണ്ണായകമായിരിക്കുകയാണ്.

(Visited 1 times, 1 visits today)