കല്‍ക്കരിപ്പാടത്ത്‌ കേന്ദ്രത്തെ കുരുക്കി സി.ബി.ഐ

0

coal-mineന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ സി.ബി.ഐയുടെ സത്യവാങ്‌മൂലം. മാനദണ്ഡങ്ങള്‍ ലംഘിച്ചു കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിനെക്കുറിച്ചുള്ള അന്വേഷണപുരോഗതി റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചെന്നു സി.ബി.ഐ. ഡയറക്‌ടര്‍ രഞ്‌ജിത്‌ സിന്‍ഹ ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി. കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി വകുപ്പിലെയും ജോയിന്റ്‌ സെക്രട്ടറിമാരും കരടു റിപ്പോര്‍ട്ട്‌ പരിശോധിച്ചെന്നാണു സത്യവാങ്‌മൂലത്തില്‍ പറഞ്ഞിരിക്കുന്നത്‌.

സുപ്രീം കോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ രാജിവയ്‌ക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു ബലംപകരുന്നതാണു സി.ബി.ഐയുടെ നടപടി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്കു പുറമേ നിയമമന്ത്രിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ റിപ്പോര്‍ട്ട്‌ സുപ്രീംകോടതി പരിഗണിക്കുന്ന ഈ മാസം 30-വരെ കാത്തിരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അശ്വിനി കുമാര്‍ രാജിവയ്‌ക്കില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്തു കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വന്‍ക്രമക്കേട്‌ നടന്നുവെന്ന സി.എ.ജി. റിപ്പോര്‍ട്ടാണു വിവാദങ്ങള്‍ക്ക്‌ അടിസ്‌ഥാനം.

കല്‍ക്കരിപ്പാടം കേസിലെ അന്വേഷണപുരോഗതി അറിയിക്കണമെന്ന കോടതി ഉത്തരവിനെത്തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനു സി.ബി.ഐ. സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പു കരടു റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പരിശോധിച്ചുവെന്ന്‌ അതിനിടെ വാര്‍ത്തവന്നു. സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ രാഷ്‌ട്രീയക്കാര്‍ റിപ്പോര്‍ട്ട്‌ കണ്ടിട്ടില്ലെന്ന മറുപടിയാണു സി.ബി.ഐ. അഭിഭാഷകന്‍ നല്‍കിയത്‌. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവച്ചിരുന്നോ എന്നും കോടതി അന്നു ചോദിച്ചിരുന്നു. തുടര്‍ന്നാണു സത്യവാങ്‌മൂലം നല്‍കാന്‍ സി.ബി.ഐയോടു കോടതി നിര്‍ദേശിച്ചത്‌. അഭിഭാഷകന്റെ നിലപാടു തള്ളിക്കൊണ്ടാണു സി.ബി.ഐ. ഡയറക്‌ടര്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പു റിപ്പോര്‍ട്ടിന്റെ കരടുരൂപം നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി വകുപ്പിലെയും ജോയിന്റ്‌ സെക്രട്ടറിമാരും കണ്ടെങ്കിലും കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്‌ ആരെയും കാണിച്ചിട്ടില്ലെന്നു രഞ്‌ജിത്‌ സിന്‍ഹ സത്യവാങ്‌മൂലത്തില്‍ അറിയിച്ചു. അവര്‍ ആവശ്യപ്പെട്ട പ്രകാരമാണു കരടു റിപ്പോര്‍ട്ട്‌ കാണിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാറ്റംവരുത്തിയോ എന്നു സത്യവാങ്‌മൂലത്തില്‍ സൂചനയില്ല. എല്ലാകാര്യങ്ങളും സുപ്രീം കോടതിയില്‍ വെളിപ്പെടുത്തുമെന്നു പിന്നീടു വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവേ രഞ്‌ജിത്‌ സിന്‍ഹ പറഞ്ഞു. അതേസമയം, സി.ബി.ഐയും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ ഭാഗമായാണു സി.ബി.ഐ. ഡയറക്‌ടര്‍ സര്‍ക്കാരിനു ദോഷകരമായ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചതെന്നു സൂചനയുണ്ട്‌.

അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ നിയമമന്ത്രിയെ പ്രധാനമന്ത്രി ഉപയോഗിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവയ്‌ക്കണമെന്നും ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്‌ കക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും എന്താണു സംഭവിച്ചതെന്നു വ്യക്‌തമാക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും സി.പി.എം. പ്രതികരിച്ചു. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. സി.ബി.ഐയെ കോണ്‍ഗ്രസ്‌ ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്‌-സി.പി.എം. നേതാവ്‌ സീതാറാം യെച്ചൂരി പറഞ്ഞു.

നിയമമന്ത്രി രാജിവയ്‌ക്കില്ലെന്നു പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ്‌ വ്യക്‌തമാക്കി. സി.ബി.ഐ. ഡയറക്‌ടറുടെ റിപ്പോര്‍ട്ടില്‍ സ്വീകരിക്കുന്ന നടപടി കോടതി വ്യക്‌തമാക്കുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കും. കല്‍ക്കരിപ്പാടം പ്രശ്‌നത്തിലുള്ള കരട്‌ റിപ്പോര്‍ട്ടാണ്‌ നിയമമന്ത്രി കണ്ടത്‌. അന്തിമ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ കണ്ടിട്ടില്ലെന്നും കമല്‍നാഥ്‌ അഭിപ്രായപ്പെട്ടു. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ അശ്വിനി കുമാര്‍ പ്രതികരിച്ചു. അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു നിയമമന്ത്രിയെന്ന നിലയില്‍ അന്വേഷിക്കുകയാണു ചെയ്‌തതെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

(Visited 4 times, 1 visits today)