എയര്‍ ഏഷ്യ ഇന്ത്യ സര്‍വീസ് സെപ്റ്റംബര്‍ മുതല്‍

0

AirAsia-Tony_0_0_0
കുറഞ്ഞചെലവില്‍ വിമാനയാത്രയൊരുക്കുന്നതില്‍ പ്രമുഖരായ മലേഷ്യയിലെ എയര്‍ ഏഷ്യയുടെ ടാറ്റയുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭം സെപ്റ്റംബറില്‍ സര്‍വീസ് തുടങ്ങും. രണ്ട് എയര്‍ ക്രാഫ്റ്റുകളുമായി സര്‍വീസ് തുടങ്ങാനാണ് ആലോചന. ഇതിന്റെ ഭാഗമായി ഇന്ത്യയിലാവശ്യമായ തസ്തികകളിലേക്ക് നിയമനം ആരംഭിച്ചു.
ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് ഏയര്‍ ഏഷ്യ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ബോലിംഗം ചെന്നൈയില്‍ പറഞ്ഞു. ഇതിന് മുന്നോടിയായി എയര്‍ ഏഷ്യ പ്രൊമോട്ടര്‍ ടോണി ഫെര്‍ണാണ്ടസ് ജൂണില്‍ ഇന്ത്യ സന്ദര്‍ശിക്കും. വ്യോമയാന രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതിന് ശേഷം ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ വിദേശ കമ്പനിയാണ് എയര്‍ ഏഷ്യ. ടാറ്റയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാണ് പ്രവര്‍ത്തനം. ഇതില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ ഏഷ്യക്കും 30 ശതമാനം ടാറ്റക്കും ബാക്കി പ്രമുഖ വ്യവസായി അരുണ്‍ ഭാട്യക്കുമാണ്.
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായ ജീവനക്കാരുടെ തെരഞ്ഞെടുപ്പ് ചെന്നൈയിലാണ് നടക്കുന്നത്. ക്യാബിന്‍ ക്രൂ തസ്തികയിലേക്കാണ് ആദ്യ ഘട്ടത്തില്‍ നിയമനം. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓരോ എയര്‍ ക്രാഫ്റ്റിനും നാല് അറ്റന്‍ഡന്റുമാരുള്‍പ്പെടെ 20 ജീവനക്കാരെയാണ് വേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 42 ദിവസം മലേഷ്യയില്‍ പരിശീലനം നല്‍കും.
ഇതിന് പിന്നാലെ പൈലറ്റുമാരുടെ നിയമനവും ഉണ്ടാകും. ഇതുസംബന്ധിച്ച അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുകളും എയര്‍ ഏഷ്യയുമായി ബന്ധപ്പെട്ട സൈറ്റുകളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
എയര്‍ ഏഷ്യ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ വിമാനയാത്ര ഒരുങ്ങുമെന്നാണ് പ്രതീക്ഷ. 1415 മണിക്കൂര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗം, കുറഞ്ഞ പ്രവര്‍ത്തന ചെലവ് തുടങ്ങിയ ഘടകങ്ങളാണ് നിരക്കുകുറക്കാനായേക്കുമെന്ന പ്രതീക്ഷക്ക് പിന്നില്‍. എന്നാല്‍, ഉയര്‍ന്ന നടത്തിപ്പ് ചെലവുകളെ തുടര്‍ന്ന് ചെന്നെ, ദല്‍ഹി സര്‍വീസുകള്‍ നേരത്തെ ഏയര്‍ ഏഷ്യ ഉപേക്ഷിച്ചിരുന്നു. ഇവ വൈകാതെ പുനരാംരംഭിക്കാനും പരിപാടിയുണ്ട്.

 

(Visited 5 times, 1 visits today)