എന്താണ് ഐടി?

0

it

ഈ വര്‍ഷത്തെ എന്‍ജിനീയറിങ് ബിരുദ പ്രവേശനത്തിന്റെ സമയം അടുത്തുവരുന്നു. ഏതു ബ്രാഞ്ച് തിരഞ്ഞെടുക്കണമെന്നതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഒട്ടേറെ സംശയങ്ങളുണ്ട്. ഐടിയുടെ സാധ്യതകളെക്കുറിച്ചാണു പ്രധാന ആവലാതി. മുന്‍പൊക്കെ ഐടിക്കു പ്രിയമുണ്ടായിരുന്നെന്നും ഇന്ന് അതിന്റെ കാലം കഴിഞ്ഞെന്നും ചിലര്‍. പക്ഷേ, ബിടെക്ക് കഴിഞ്ഞ് ജോലി കിട്ടാന്‍ ഏറെ സാധ്യത ഐടി മേഖലയിലാണെന്നും അതു നല്ല ബ്രാഞ്ചാണെന്നും മറ്റു ചിലര്‍. എന്താണു വാസ്തവമെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുപോലെ ചോദിക്കുന്നു.
വിദഗ്ധരുടെ ഇടയില്‍പ്പോലും നേരിയ ഭിന്നാഭിപ്രായമുള്ള വിഷയമാണിത്. ഒറ്റ വാക്കില്‍ ഉത്തരം നല്‍കുക പ്രയാസം. അടിസ്ഥാന കാര്യങ്ങള്‍ പരിശോധിച്ച് ഒരു വിശകലനമാണു നടത്തേണ്ടത്. തുടക്കത്തില്‍ത്തന്നെ ഒരു കാര്യം പറയാം. ഐടി കൂടാതെ നമുക്കു കഴിയാനാവില്ല. ഗോളാന്തരയാത്ര മുതല്‍ പലചരക്കുകടയില്‍ ബില്‍ തയാറാക്കുന്ന ജോലിവരെ കംപ്യൂട്ടറിന്റെയും ഐടിയുടെയും പ്രയോഗത്തെ ആശ്രയിക്കുന്നു. ആര്‍ക്കിടെക്ചര്‍ കൂടാതെ, 26 എന്‍ജിനീയറിങ് / ടെക്‌നോളജി ശാഖകളിലേക്ക് കേരള എന്‍ട്രന്‍സ് വഴി ഇക്കുറി പ്രവേശനമുണ്ട്. ഇവയില്‍ ഏതെങ്കിലും ശാഖ മോശമെന്നു വിലയിരുത്താനാവില്ല. പക്ഷേ പെട്ടെന്നു ജോലി കിട്ടാനുള്ള സാധ്യത, വിപണിമൂല്യം, ക്യാംപസ് റിക്രൂട്ടര്‍മാരുടെ താല്‍പര്യവും മുന്‍ഗണനാക്രമവും, സ്വയം തൊഴിലിനുള്ള അടിത്തറ, സോഫ്റ്റ്‌വെയറിലേക്കു കടക്കാനുള്ള സൗകര്യം, ഫീല്‍ഡ് വര്‍ക്ക് തുടങ്ങിയ ഘടകങ്ങള്‍ ആധാരമാക്കി ശാഖകള്‍ക്കുള്ള പ്രിയം, കാലം മാറുന്നതോടെ മാറിമാറി വരാറുണ്ട്. 1950 – 60 കാലത്ത് ഏറ്റവും പ്രിയമേറിയിരുന്ന സിവില്‍ ശാഖ പില്‍ക്കാലത്ത് തീരെ പ്രിയമില്ലാതായതും, അതു ക്രമേണ വീണ്ടും പ്രിയം നേടിവന്നതും ഉദാഹരണം.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കെമിക്കല്‍ മുതലായവയെപ്പോലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ ‘കോര്‍ എന്‍ജിനീയറിങ് ശാഖയായി കരുതാനാവില്ല. ഐടിയെ മിക്കപ്പോഴും താരതമ്യം ചെയ്യുക ‘കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ശാഖയുമായാണ്. കാരണം രണ്ടിലും കംപ്യൂട്ടറിനു വലിയ പ്രാധാന്യമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു കംപ്യൂട്ടറിനെപ്പറ്റി കൂടുതല്‍ അറിവുണ്ടായിരിക്കും. അവര്‍ക്ക് ഹാര്‍ഡ്‌വെയറിലേക്കോ സോഫ്റ്റ്‌വെയറിലേക്കോ യഥേഷ്ടം പോകാം. കൂടുതല്‍ ആഴത്തില്‍ പഠനം നടത്തി പുതിയ കംപ്യൂട്ടറുകളുടെ രൂപകല്‍പ്പനയില്‍ വരെയെത്താം.

ഇതു ചിത്രത്തിന്റെ ഒരു വശം. ഐടി – ബിടെക്കിലെ ഊന്നല്‍ പ്രയോഗമേഖലയിലത്രേ. അവിടെ കംപ്യൂട്ടര്‍ ശക്തമായ ഉപകരണമായിരിക്കും. ഐടിയുടെ ഒരു നിര്‍വചനം അത് ‘കംപ്യൂട്ടര്‍, കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍, ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ്, ടെക്‌നിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ സംഗമം എന്നാണ്. ഇന്‍ഫര്‍മേഷന്‍ ഉല്‍പ്പാദിപ്പിക്കുക, ശേഖരിക്കുക, വിശകലലനം ചെയ്യുക, പാകപ്പെടുത്തുക, കോഡ് ചെയ്യുക, സൂക്ഷിച്ചുവയ്ക്കുക, വിതരണം ചെയ്യുക എന്നിവ ഐടി പ്രഫഷനലുകളുടെ ദൗത്യങ്ങളില്‍പ്പെടും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡേറ്റ, ഉപയുക്തികള്‍,
പ്രവര്‍ത്തകര്‍, പ്രശ്‌ന നിര്‍ധാരണ ശൈലികള്‍ എന്നിവയെ ഏകോപിപ്പിക്കേണ്ടിയും വരും. അതായത്, ഐടിയുടെ പ്രയോഗമേഖല അതിവിശാലമാണ്. അക്കാരണം കൊണ്ടുതന്നെ പല വിഷയങ്ങളിലും അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഐടിയുടെ സിലബസില്‍ അപ്പപ്പോള്‍ ചേര്‍ക്കുന്നതിന്റെ പ്രസക്തി ഏറെയാണ്. സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ നല്ല ശുഷ്‌കാന്തി കാട്ടാത്തപക്ഷം ഐടി ബിരുദത്തിന്റെ പ്രയോഗക്ഷമത കുറയും.
കൂട്ടത്തില്‍ പ്രായോഗികമായി മറ്റൊരു കാര്യം കൂടി പരിഗണിക്കണം. പണ്ട് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് എന്‍ജിനീയര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പ്രയാസമില്ലായിരുന്നു. ഇന്നു സ്ഥിതി അതല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ബിടെക്ക് സീറ്റുകള്‍ പെരുകി. കൊച്ചുകേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 18,000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. തൊട്ടടുത്ത തമിഴ്‌നാട്ടിലെ 2,62,164 സീറ്റുകളില്‍ 79,761 എണ്ണത്തില്‍ ആളെ കിട്ടിയില്ല. അവിടെ 55,055 സര്‍ക്കാര്‍സീറ്റുകളും ഒഴിഞ്ഞുകിടന്നു. കര്‍ണാടകയിലും ആന്ധ്രയിലും ഇതുതന്നെയായിരുന്നു സ്ഥിതി.

ഈ കണക്കുകളുടെ പ്രസക്തിയെന്ത്? പതിനായിരക്കണക്കിനു കുട്ടികള്‍ കേരളത്തില്‍ പ്രതിവര്‍ഷം ബിടെക്ക് ബിരുദം നേടി പുറത്തുവരുമ്പോള്‍, അവരില്‍ ബഹുഭൂരിപക്ഷത്തിനും തുണയാകുന്നത് എന്‍ജിനീയറിങ് ജോലികളാവില്ല. സ്വാഭാവികമായും, അനന്ത സാധ്യതയുമായി കാത്തുനില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ രംഗമായിരിക്കും അവര്‍ക്ക് ആശ്രയം. മുഖ്യമായും യുഎസില്‍നിന്നാണ് ബിസിനസ് പ്രോസസ്/നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിങ്ങിന് അവസരങ്ങള്‍ ഇന്ത്യയിലെത്തുന്നത്. പുറംജോലി ഒഴിവാക്കേണ്ടതിനെപ്പറ്റി അമേരിക്കന്‍ സര്‍ക്കാര്‍ എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തിയാലും, അവിടത്തെ സ്വകാര്യ കമ്പനികള്‍ അടുത്തെങ്ങും അതില്‍നിന്നു പിന്തിരിയില്ല. ഇന്റര്‍നെറ്റ് – ഇമെയില്‍ സംവിധാനത്തിന്റെ സാര്‍വത്രികത, ഇന്ത്യയിലെ വേതനക്കുറവ്, ഡോളര്‍ – രൂപ വിനിമയ നിരക്ക്, പ്രയാസം കൂടാതെ ഇംഗ്ലിഷ് കൈകാര്യം ചെയ്യാന്‍ ഇന്ത്യക്കാര്‍ക്കുള്ള കഴിവ്, രാപ്പകലില്ലാതെ ജോലി ചെയ്യാനുള്ള സന്നദ്ധത മുതലായ ഘടകങ്ങള്‍ നമുക്ക് അനുകൂലമാണ്.

സോഫ്റ്റ്‌വെയര്‍/ഔട്ട്‌സോഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഐടി ബിരുദധാരികള്‍ക്കു യാതൊരു ബുദ്ധിമുട്ടുമില്ല. അക്കാര്യത്തില്‍ ക്യാംപസ് റിക്രൂട്ട്‌മെന്റുകാരടക്കം ഉദ്യോഗദാതാക്കള്‍ അവരോടു വിവേചനം കാട്ടാറില്ല. ഐടി മോശമായ ശാഖയാണെന്നു കേട്ട് സമര്‍ഥര്‍ പുറംതിരിയുന്നതിനാല്‍, മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ ആ ശാഖയിലെത്തുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അക്കാരണത്താല്‍ പൊ
തുവായ സിലക്ഷന്‍ മത്സരങ്ങളില്‍ അവര്‍ പിന്‍നിരയിലായാല്‍ പ്രയാസം വരാമെന്നു മാത്രം.
ഒരു പശു പോയ വഴിയെ പുറകെ വരുന്ന പശുക്കളും എന്ന രീതിയാണ് നമ്മുടെ കുട്ടികളില്‍ ഏറെപ്പേരെ നയിക്കുന്നത്. ഒരു ശാഖ കേമമെന്നോ മോശമെന്നോ നാലു പേര്‍ പറഞ്ഞാല്‍ അതു തന്നെ ശരിയെന്നു കണ്ണടച്ചു വിശ്വസിക്കുന്നവരേറെ. ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അനലിസ്റ്റ്, സിസ്റ്റം പ്രോഗ്രാമര്‍, സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജര്‍, ഇലക്‌ട്രോണിക് ഡേറ്റാ പ്രോസസിങ് മാനേജര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍/ കണ്‍സല്‍ട്ടന്റ്, വെബ് ഡവലപ്പര്‍, ഇ-കൊമേഴ്‌സ് / ഇന്‍ഫോമീഡിയറി അഡ്മിനിസ്‌ട്രേറ്റര്‍, മള്‍ട്ടി മീഡിയ ഡിസൈനര്‍, നെറ്റ്‌വര്‍ക്കിങ് എക്‌സ്‌പെര്‍ട്ട്, ചിപ് ഡിസൈനര്‍, മാര്‍ക്കറ്റിങ് അഡൈ്വസര്‍, ബിസിനസ് അനലിസ്റ്റ് മുതലായ സ്ഥാനങ്ങളില്‍ ഐടി ബിരുദക്കാര്‍ക്ക് എത്താം.

ഉപരിപഠനം
ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രസക്ത പേപ്പറുകളില്‍ ഗേറ്റ് സ്‌കോര്‍ സമ്പാദിച്ച്, ഐഐടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, പവര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് പവര്‍ സിസ്റ്റംസ്, മൈക്രോ ഇലക്‌ട്രോണിക്‌സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് നാചുറല്‍ റിസോഴ്‌സസ് എന്‍ജിനീയറിങ്, ക്ലിനിക്കല്‍ എന്‍ജിനീയറിങ് മുതലായ വിഷയങ്ങളില്‍ എംടെക്കിനു പ്രവേശനം നേടാന്‍ കഴിയും. മാനേജ്‌മെന്റ്, സിവില്‍ സര്‍വീസസ് ഉള്‍പ്പെടെ ഏതു ബിരുദധാരിക്കും പോകാവുന്ന വഴികളും ഐടി ബിരുദക്കാരുടെ മുന്നിലുണ്ട്.

ഇത്രയൊക്കെ പറഞ്ഞതില്‍, മറ്റേതെങ്കിലും ശാഖ മോശമാണെന്ന യാതൊരു സൂചനയുമില്ല. ബ്രാഞ്ച് ഏതെന്നു നോക്കാതെ കൂട്ടത്തില്‍ സമര്‍ഥരായവരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു ജോലിയില്‍ പ്രവേശിപ്പിക്കുക എന്ന രീതിയാണ് ഐടി ഉദ്യോഗദാതാക്കള്‍ സ്വീകരിക്കാറുള്ളത്. ഓരോ വിദ്യാര്‍ഥിയും സ്വന്തം താല്‍പര്യങ്ങളും വാസനയും പരിഗണിച്ച്, കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച്, ഏറ്റവും യോജിച്ച പഠനശാഖ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

(Visited 22 times, 1 visits today)