അമേരിക്കയില്‍ അഞ്ചു വയസ്സുള്ള സഹോദരന്റെ വെടിയേറ്റ് രണ്ട് വയസ്സുകാരി മരിച്ചു

0

rifle
തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടക്കുന്ന അമേരിക്കയെ ഞെട്ടിച്ച്, അഞ്ചു വയസ്സുകാരന്‍ രണ്ടു വയസ്സുള്ള സഹോദരിയെ അബദ്ധത്തില്‍ വെടിവെച്ചു കൊന്നു. യു.എസിലെ കെന്റക്കിയിലെ കംബര്‍ലാന്റ് കൌണ്ടിയിലാണ് സംഭവം. കാരലിന്‍ സ്റ്റാര്‍ക്‌സ് എന്ന രണ്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
കുട്ടികള്‍ക്കുള്ളതെന്ന് പറഞ്ഞ് കീസ്‌റ്റോ സ്‌പോര്‍ടിങ് ആംസ് എന്ന കമ്പനി പുറത്തിറക്കിയ ക്രിക്കറ്റ് .22 റൈഫിള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ബാലന് സമ്മാനമായി ലഭിച്ച തോക്ക് സ്വീകരണമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശുചീകരണത്തിനിടെ മാതാവ് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങി രണ്ട് മിനിറ്റിനിടെയായിരുന്നു അപകടം. തോക്കില്‍ വെടിയുണ്ട ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്നും കളിത്തോക്ക് എന്ന നിലയിലാണ് അതു സൂക്ഷിച്ചതെന്നും കുടുംബ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം തോക്കുകളില്‍ സാധാരണ വെടിയുണ്ട ഉണ്ടാവാറില്ലെന്നും എന്നാല്‍, ഇതെങ്ങിനെ സംഭവിച്ചെന്ന് അറിയില്ലെന്നും പൊലീസ് അറിയിച്ചു.
മൈ ഫസ്റ്റ് റൈഫിള്‍ എന്ന പേരില്‍ ഇത്തരം 60000 തോക്കുകള്‍ 2008ല്‍ പുറത്തിറക്കിയതായി കമ്പനി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇത്തരം തോക്കുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ നിരവധി ഫോട്ടോകള്‍ ഇവരുടെ വെബ്‌സൈറ്റില്‍ കാണാം. മുതിര്‍ന്നവര്‍ക്കുള്ള തോക്കുകളും നിര്‍മിക്കാറുണ്ടെങ്കിലും കമ്പനി പ്രധാനമായും കുട്ടികള്‍ക്കുള്ള തോക്കുകളാണ് പുറത്തിറക്കാറെന്നും വെബ്‌സൈറ്റ് വിശദീകരിക്കുന്നു.

(Visited 4 times, 1 visits today)