കര്‍ണാടകയില്‍ ഇനിയെന്ത്??

0
35

കര്‍ണാടകയിലെ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് കാത്തിരിപ്പ് നീളുന്നു. ഇന്നലെ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന്, ഗവര്‍ണറെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നിര്‍ദേശം നല്‍കുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ ഇന്നോ നാളെയോ ബി.എസ്. യദ്യൂരിയപ്പയുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കും.

ഇന്നലെ രാവിലെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാല്‍, കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ലഭിയ്ക്കാത്തതോടെ യദ്യൂരിയപ്പയുടെ കാത്തിരിപ്പ് നീളുകയാണ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു തൊട്ടു പിന്നാലെ തന്നെ, ബിജെപി അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ബി.എസ്.യദ്യൂരിയപ്പയാണെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ കണ്ണുംനട്ടിരിയ്ക്കാന്‍ തുടങ്ങിയിട്ട് പതിനാല് മാസങ്ങളായി. വിമതരുടെ കാര്യത്തില്‍ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്ന് സ്പീക്കര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല.

ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മറ്റ് നടപടികളിലേയ്ക്ക് കടക്കാന്‍ കൂടുതല്‍ സമയം ലഭിയ്ക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി, സഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷമെ മുംബൈയിലുള്ള വിമതര്‍ ബംഗളൂരുവിലേയ്ക്ക് എത്താന്‍ സാധ്യതയുള്ളു. സിദ്ധരാമയ്യയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പകുതി പേരെങ്കിലും വിമതപക്ഷത്തുണ്ട്. ഇവര്‍ ബംഗളൂരുവില്‍ എത്തിയാല്‍ സര്‍ക്കാറിന് പ്രതികൂലമായി നില്‍ക്കുമോ എന്ന ഭയം ബി.ജെ.പിയ്ക്ക് ഇപ്പോഴുമുണ്ട്.

സഭയിലെ അംഗസംഖ്യ കുറച്ച്, തങ്ങളുടെ കൈവശമുള്ള എം.എല്‍.എമാരുടെ എണ്ണത്തിലേയ്ക്ക് കേവല ഭൂരിപക്ഷം കൊണ്ടുവരികയെന്ന തന്ത്രമാണ് ബി.ജെ.പി കര്‍ണാടകയില്‍ പയറ്റിയത്. പണവും അധികാരവും വാഗ്ദാനം ചെയ്ത്, അവര്‍ അത് നേടിയെടുക്കുകയും ചെയ്തു. ഇതുതന്നെയാണ് വേഗത്തില്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനും ഭൂരിപക്ഷം തെളിയിക്കാനും ബി.ജെ.പിയെ നിര്‍ബന്ധിതരാക്കുന്നത്. എന്നാല്‍, കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുള്ള വൈകിപ്പിക്കല്‍ ഇവര്‍ക്ക് തിരിച്ചടിയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.