പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം; പാകിസ്താന് പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

0
28

പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും തദ്ദേശീയനായ യുവാവാണ് ആക്രമണം നടത്തിയതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയിലും ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവനയില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് കശ്മീരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുല്‍വാമ ആക്രമണം പ്രാദേശിക വിഷയമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മൂലം തീവ്രവാദത്തിലേയ്ക്കു തിരിഞ്ഞ കശ്മീരി യുവാവാണ് ആക്രമണം നടത്തിയത്. എന്നാല്‍ പാകിസ്താനുനേരെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം വൈകാതെ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും ഇതില്‍ പാകിസ്താന് പങ്കില്ലെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയത്.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പാകിസ്താന് യാതൊരു പങ്കുമുണ്ടായിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അല്‍ ഖ്വയ്ദ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകര സംഘടനയാണ്. പാകിസ്താനില്‍ താലിബാന്‍ ഇല്ല. എന്നിട്ടും ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം പാകിസ്താന്‍ പ്രവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍, കാര്യങ്ങള്‍ വഷളായി. അതുകൊണ്ടുതന്നെ പാകിസ്താനിലെ യഥാര്‍ഥ സാഹചര്യം വെളിപ്പെടുത്താന്‍ അന്ന് പാകിസ്താന് സാധിച്ചില്ല.

അന്ന് പാകിസ്താനില്‍ 40 ഭീകരസംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ സാഹചര്യത്തെ മറികടക്കാന്‍ പാകിസ്താന് സാധിക്കുമോ എന്ന കാര്യത്തില്‍ ഞങ്ങളൊക്കെ ആശങ്കാകുലരായിരുന്നു. സ്വന്തം നിലനില്‍പിനുവേണ്ടി പോരാടുകയായിരുന്നു അന്ന് പാകിസ്താന്‍ എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിലവില്‍ ഭീകരതയ്‌ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകിരിച്ചുവരുന്നുണ്ട്. താലിബാനുമായി സംഭാഷണത്തിന് പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ച്‌ അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണ്. പാകിസ്താന്‍ ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്നും മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.