പിളര്‍പ്പിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി പി.ജെ ജോസഫ് വിഭാഗം

0
31

ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിപ്പിക്കാനൊരുങ്ങി ജോസഫ് വിഭാഗം. സി.എഫ് തോമസ് കൂടി പങ്കെടുത്ത ജോസഫ് വിഭാഗം എം.എല്‍.എ മാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ചെയര്‍മാന്റെ തെരഞ്ഞടെുപ്പ് ഔദ്യോഗികമാക്കാനുള്ള നീക്കങ്ങള്‍ മാണി വിഭാഗവും തുടങ്ങി.

സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത് മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ രാവിലെ ചേര്‍ന്ന ജോസഫ് വിഭാഗം എം.എല്‍.എമാരുടെ യോഗം തീരുമാനിച്ചു. പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സമിതി നിയമപരമല്ലെന്ന തീരുമാനം കമ്മീഷന്‍ എടുക്കുമെന്ന പ്രതീക്ഷയാണ് പി.ജെ ജോസഫിനും കൂട്ടര്‍ക്കുമുള്ളത്. സി.എഫ് തോമസിനെക്കൂടി കൂടെക്കൂട്ടാന്‍ കഴിഞ്ഞതോടെ നിയമസഭാ കക്ഷിയില്‍ മേല്‍ക്കൈ നേടാനായെന്നും അവര്‍ കരുതുന്നു.

അതേസമയം ചെയര്‍മാനെ തീരുമാനിച്ച നടപടി നിയമപരമാണെന്ന നിലപാടിലാണ് മാണി വിഭാഗം. തുടര്‍നടപടികളും അവര്‍ ആലോചിക്കുന്നു. എം.പിമാര്‍ കൂടി ഉള്‍പ്പെടുന്ന പാര്‍മെന്ററി പാര്‍ട്ടിയില്‍ രണ്ട് എം പി മാരും രണ്ട് എം എല്‍ എ മാരും അടക്ക 4 പേരുടെ പിന്തുണ അവര്‍ ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ സി.എഫ് തോമസും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഇരുകൂട്ടരും ഭാവി നടപടികള്‍ ആലോചിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാകും നിര്‍ണായകമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.