പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

0
21

മഴയും രോഹിത് ശർമയും തകർത്ത മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 89 റൺസിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റിന് 336 റൺസ് എടുത്തപ്പോൾ, മഴമൂലം 40 ഓവറിൽ 302 റൺസായി പുതുക്കി നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക് സംഘത്തിന് 6 വിക്കറ്റിന് 212 റൺസെടുക്കാനെ സാധിച്ചുള്ളു.

ക്രീസിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച രോഹിത് ശർമയുടെയും (113 പന്തിൽ നിന്ന് 140) നായകന്റെ കളി പുറത്തെടുത്ത വിരാട് കോഹ്‍ലിയുടെയും (65 പന്തിൽ നിന്ന് 77) മികവിലാണ് ഇന്ത്യ പാകിസ്താനായി ഭീമൻ ലക്ഷ്യമുയർത്തിയത്. രാഹുൽ 57 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യയും (26) ധോണിയും (1) പെട്ടെന്ന് ക്രീസ് വിട്ടു. 15 റൺസുമായി വിജയ് ശങ്കറും 9 റൺസുമായി കേദാർ ജാദവും പുറത്താകാതെ നിന്നു. പാകിസ്താനായി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് എടുത്തു. ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതമെടുത്തു.

എന്നാൽ ഉയർന്ന ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വളരെ പതുക്കെയാണ് സ്കോർ കണ്ടെത്തിയത്. 62 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക് നിരയിലെ ടോപ് സ്കോറർ. ബാബര്‍ അസം (48) റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് (12) ഓപ്പണർ ഇമാം ഉള്‍ ഹഖ് (7), മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 46 റൺസെടുത്ത ഇമാദ് വസീമും 20 റൺസെടുത്ത ശാദാബ് ഖാനും പുറത്താകാതെ നിന്നു.

രണ്ട് തവണയാണ് മത്സരത്തിനിടെ മഴ വില്ലനായി എത്തിയത്. ഇന്ത്യൻ സ്കോർ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തിയെങ്കിലും അൽപ്പ നേരത്തിനകം തന്നെ മത്സരം പുനരാരംഭിക്കാന്‍ സാധിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ പാക് സ്കോർ 35 ഓവറിൽ 6 വിക്കറ്റിന് 166 റൺസ് എന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തി. മഴ നീണ്ടതോടെയാണ്, മത്സരം 40 ഓവറിൽ 302 എന്ന് പുനക്രമീകരിച്ചത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, വിജയ് ശങ്കർ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.