പണം വാരിയെറിഞ്ഞു, സമ്മാനങ്ങള്‍ നല്‍കി; ബിനോയ് കൊടിയേരിക്കെതിരെ യുവതിയുടെ ആരോപണങ്ങള്‍ ഇങ്ങനെ

0
65

ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനിയായ യുവതി മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്‌ഐആറിന്റെ വിശദാംശങ്ങൾ  പുറത്ത്‌

ബിഹാറിലെ ബലിയാ ജില്ലയിലെ റാണിഗഞ്ച് സ്വദേശിനിയായ യുവതിയ്ക്ക് എട്ടു സഹോദരിമാരാണ് ഉള്ളത്. അതിൽ മൂന്നുപേരോടും അച്ഛനമ്മമാരോടും ഏറെക്കാലമായി മുംബൈയിലാണ് താമസം. ഇരുപത്തഞ്ച് വർഷം മുന്‍പ്  പിതാവ് മരിച്ച ശേഷം, മാതാവിന്റെ സംരക്ഷണയിലായിരുന്നു ജീവിച്ചിരുന്നത്. മുംബൈയിൽ വച്ചാണ് ഡാൻസ് പരിശീലിക്കുന്നത്. വീട്ടിലെ സാമ്പത്തികസ്ഥിതി പരുങ്ങലിൽ ആയപ്പോൾ കൂട്ടുകാരിയാണ് ദുബായിൽ ഡാൻസ് ബാറിൽ ജോലി സാധ്യതയെക്കുറിച്ച് പറയുന്നത്.

ദുബായിലെ മെഹ്ഫിൽ, ബർ ദുബായ് എന്ന ഡാന്‍സ് ബാറില്‍ വച്ചാണ് ബിനോയിയെ കാണുന്നത്. ബാറില്‍ എപ്പോള്‍ വന്നാലും ബിനോയിക്ക് തന്റെ മേല്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. തന്റെ മേല്‍ പണം വാരിയെറിയാറുണ്ടായിരുന്നു. അങ്ങനെയാണ് ബിനോയിയുമായി പരിചയപ്പെടുന്നത്. ബിനോയി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫോണ്‍ നമ്പര്‍ കൊടുത്തത്. പിന്നീട് ഫോണ്‍ വിളി പതിവായി. കേരളത്തിലാണ് വീട്, കൺസ്ട്രക്ഷൻ ബിസിനസാണ് എന്നാണ് അന്ന് ബിനോയി പറഞ്ഞിരുന്നത്. സ്ഥിരമായി തനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊണ്ടു വരുമായിരുന്നു.

ഡാന്‍സ് ബാറിലെ ജോലി നിര്‍ത്തിയാല്‍ വിവാഹം കഴിക്കാമെന്ന് ബിനോയ് വാഗ്ദാനം ചെയ്തു. തന്റെ വിശ്വാസവും ബഹുമാനവും ബിനോയ് ആര്‍ജ്ജിച്ചു. 2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ ഫ്ലാറ്റില്‍ എത്തി. അന്നും വിവാഹ വാഗ്ദാനം ബിനോയ് ആവര്‍ത്തിച്ചു. ബിനോയിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. പിന്നീട് പല തവണ ബന്ധപ്പെട്ടു. ബാറിലെ ജോലി തുടര്‍ന്നെങ്കിലും താമസം ബിനോയിയുടെ ഫ്ലാറ്റിലായിരുന്നു.

ഗർഭിണിയാണ് എന്നറിഞ്ഞാണ് ദുബായിൽ നിന്നും മുംബൈയിൽ എത്തിയത്. അന്ധേരി ഈസ്റ്റിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ തങ്ങി. രണ്ടു ദിവസങ്ങൾക്കു ശേഷം മാതാവിനേയും  സഹോദരിമാരെയും ബിനോയിയും പരാതിക്കാരിയും ചേർന്ന് കണ്ടു. യുവതിയെ വിവാഹം കഴിക്കാനുള്ള സന്നദ്ധത ബിനോയ് മാതാവിനെ അറിയിച്ചു. ഇതിന് പിന്നാലെ അവർക്ക് മുംബൈയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് നൽകി. അവിടെയും ഇടയ്ക്കിടെ കാണാൻ വന്നിരുന്നു. രണ്ട് മൂന്ന് ദിവസം വരെ മുംബൈയിലെ ഫ്ലാറ്റില്‍ വന്ന് നില്‍ക്കാറുണ്ടായിരുന്നു.

2010  സെപ്തംബർ 22 ന്, ബെല്ലെവിൽ ആശുപത്രിയിൽ വെച്ച് കുഞ്ഞ് പിറന്നു. ഈ ബന്ധം 2015 വരെ തുടർന്ന് പോയെങ്കിലും, വിവാഹത്തെപ്പറ്റി ചർച്ച വരുമ്പോഴൊക്കെ ബിനോയ് എന്തെങ്കിലും പറഞ്ഞ് വിഷയം മാറിക്കൊണ്ടിരുന്നു . 2015-ൽ ബിനോയ് താൻ പാപ്പരായെന്നും ഇനിയും പണം നൽകി പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. പിന്നീട് മുംബൈയിലെ ഫ്ലാറ്റിലേക്കുള്ള വരവും നിലച്ചു. 2018  ജനുവരിയിലാണ് ബിനോയ് വിവാഹിതനാണ് എന്ന സത്യം ഫേസ്ബുക്കിലൂടെ അറിയുന്നത്. അതേപ്പറ്റി ചോദിച്ചപ്പോൾ വഴക്കിടുകയും, ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിനോയുമായി 2009  ഒക്ടോബർ മുതൽ 2015  വരെ ബന്ധമുണ്ടായിരുന്നുവെന്നും കുഞ്ഞ് ബിനോയിയുടേതാണ്.

ഇത്തരത്തിൽ രൂക്ഷമായ ആരോപണങ്ങളാണ് ബിഹാര്‍ സ്വദേശിയായ യുവതി ബിനോയ് കൊടിയേരിക്കെതിരെ ഉന്നയിക്കുന്നത്. എന്നാൽ പണം തട്ടാനുള്ള അടവാണ് യുവതി നടത്തുന്നതെന്നും ബ്ലാക്മെയിലിംഗ് ആണ് കേസെന്നുമാണ് ബിനോയ് കോടിയേരി അവകാശപ്പെടുന്നത്. യുവതി ഭീഷണി കത്ത് അയച്ചെന്നതടക്കം പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിൽ ബിനോയ് നൽകിയിട്ടുമുണ്ട്. .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.