രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവം; ആശുപത്രികൾക്കെതിരെ കേസെടുത്തു

0
38

കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മെഡിക്കൽ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും ആണ് കേസ്. മരിച്ച ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഐ.പി.സി 304 ചുമത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കും.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും ജേക്കബ് തോമസിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്. കടുത്ത പനിയുണ്ടായിരുന്ന ജേക്കബിന് എച്ച് വണ്‍ എന്‍ വണ്‍ സംശയവും കൂടി ഉണ്ടായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. 2.10ഓടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും, രോഗിയെ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കി ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് പരാതി.

വെന്റിലേറ്ററിലും ഐ.സി.യുവിലും സ്ഥലമില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചത്. ഇതേതുടര്‍ന്ന് സ്വകാര്യ ആശുപത്രിയായ കാരിത്താസിലേക്ക് ബന്ധുക്കള്‍ ജേക്കബിനെ കൊണ്ടുപോയെങ്കിലും ഇവിടെയും ചികിത്സ നിഷേധിച്ചു. മറ്റൊരു സ്വകാര്യ ആശുപത്രിയായ മാതായില്‍ എത്തിച്ചെങ്കിലും ഒരു പരിഗണനയും രോഗിക്ക് ലഭിച്ചില്ല. ആംബുലന്‍സില്‍ വച്ച് തന്നെയാണ് ജേക്കബ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.