പുണ്യമാസം പിറന്നു; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

0
54

കേരളത്തില്‍ റംസാൻ വ്രതം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും മാസപിറവി കണ്ടതോടെയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേക്ക് കടന്നത്. മാസപിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവർ അറിയിച്ചു.

കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകളാണ് വിശ്വാസികള്‍ക്ക്. മുഴുവന്‍ സമയവും പള്ളികളില്‍ ചെലവഴിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്‍റെ ദിനങ്ങളാണ് ഇനി. ഓരോ പുണ്യ പ്രവര്‍ത്തിക്കും 700 ഇരട്ടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

മതസാഹോദര്യത്തിന്‍റെ സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവും, പള്ളികളില്‍ പ്രത്യേക പ്രഭാഷങ്ങളും നടക്കും. സഹനത്തോടൊപ്പം, സഹാനുഭൂതി കൂടി പകര്‍ന്നു നല്‍കുന്ന പുണ്യമാസം കൂടിയാണ് വിശ്വാസികള്‍ക്ക് റംസാന്‍. വ്രതശുദ്ധിയുടെ മുപ്പത് ദിനരാത്രങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.