രാജിയില്‍ ഉറച്ച് രാഹുല്‍

0
64

അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍. തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റാണ് രാഹുല്‍ അധ്യക്ഷപദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം‍. രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും ഇന്നലെ നടത്തിയ ശ്രമവും വിഫലമായി. താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്തെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

രാഹുല്‍ അല്ലാതെ മറ്റൊരാളെ അധ്യക്ഷപദവിയിലേക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത നിലയിലാണ് പാര്‍ട്ടി. ആഭ്യന്തര ഛിദ്രത ബാധിച്ചിട്ട പാര്‍ട്ടിയെ പരസ്പരം ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഗാന്ധി കുടുംബം എന്നും ഏത് വിധേനയും രാഹുലിനെ പദവിയില്‍ നിലനിര്‍ത്തണമെന്നുമാണ് മുതിര്‍ന്ന അംഗങ്ങളുടെ നിലപാട്. രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് രാഹുല്‍ സമയം നല്‍കിയിട്ടുണ്ട്. അധ്യക്ഷ പദവിയില്‍ തീരുമാനമെടുത്തിട്ടു വേണം ലോക്സഭയിലെ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍. നിലവിലെ സ്ഥിതിയില്‍ കക്ഷിനേതാവെന്ന പദവിയും രാഹുല്‍ ഏറ്റെടുക്കാനിടയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.