കുട്ടിയുടെ മൂക്കിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരം ചെയ്തത് വയറിന്; ഡോക്ടർക്കെതിരെ കേസ്

0
56

മഞ്ചേരി മെഡിക്കൽ കോളേജിൽ ആള് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്.

നേരത്തെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തിരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

ഡോക്ടർമാർ ഉൾപ്പെടെ തീയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും  വിശദീകരണം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിശദമാക്കി.

മൂക്കിലെ ശസ്ത്രക്രിയക്ക് പകരം, ഹെർണിയക്ക് വയറിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. ഇന്നലെ തന്നെ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ കൈക്കൊള്ളുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറും സൂപ്രണ്ടിനോട്‌ വിശദീകരണം ആവിഷ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്.

ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.