പനീര്‍ശെല്‍വം താമരയോടടുക്കുന്നു; തമിഴ് രാഷ്ട്രീയം കലുഷിതം!!

0
49

 

ഉപതെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുകയാണ് നമ്മുടെ അയല്‍ സംസ്ഥാനത്ത്.ഒപ്പം ചില വാര്‍ത്തകളും. കൂറുമാറ്റങ്ങളുടേയും രാഷ്ട്രീയ ചരടുവലുകളുടേയും കഥകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേള്‍ക്കുന്നത് ആദ്യമായല്ല. ദ്രാവിഡ മണ്ണില്‍ എന്നും രാഷ്ട്രീയം സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയണ്. എന്നാല്‍ കുപ്രചാരണമെന്ന് പറഞ്ഞ് പനീര്‍ശെല്‍വം ഈ വാര്‍ത്ത തള്ളികളയുന്നു.

വാരാണസിയില്‍ നേരന്ദ്രമോദിക്ക് പിന്തുണ അറിയിച്ച് എത്തിയ ഒ പനീര്‍ശെല്‍വം ചില കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാണ് തമിഴകത്തേക്ക് മടങ്ങിയതെന്നാണ് വാദം. രണ്ടില ചിഹ്നത്തിനൊപ്പം കാവിക്കൊടിയും കോര്‍ത്ത് കെട്ടിയ ഒപിഎസ് ഗവര്‍ണര്‍ പദവി ചോദിച്ച് ഉറപ്പാക്കിയെന്ന് അമ്മ മുന്നേറ്റ കഴകം അരോപിക്കുന്നു.

തേനി മണ്ഡലത്തില്‍ മകന്‍ രവീന്ദ്രനാഥായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. തേനിയില്‍ പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനം തേടിയാണ് ഒപിഎസ് വാരാണസി യാത്ര നടത്തിയതെന്നാണ് ഡിഎംകെ വാദം. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിലും നാല് മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ചാണ് ടിടിവി ദിനകരന്റെയും സ്റ്റാലിന്റെയും പ്രചാരണം.

22 സീറ്റുകളില്‍ 11 ഇടത്തെ വിജയം എടപ്പാടി സര്‍ക്കാറിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. 234 അംഗ സഭയില്‍ 114 പേരുടെ ഭൂരിപക്ഷമാണ് സര്ക്കാരിനുള്ളത്. ഇതില്‍ ദിനകരനോട് അനുഭാവം പുലര്‍ത്തുന്നവരടക്കം ആറ് പേര്‍ ആടിനില്‍ക്കുന്നു. ഇവരെ അയോഗ്യരാക്കി അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ മെയ് 23 ഇപിഎസ് ഒപിഎസ് നേതൃത്വത്തിന് അഗ്‌നിപരീക്ഷയാകും.

22 സീറ്റുകളും തൂത്തുവാരി ഡിഎംകെ അധികാരത്തിലേറുമെന്നാണ് സ്റ്റാലിന്റെ അവകാശവാദം. വോട്ട് ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ദിനകരന്റെ നീക്കവും ചങ്കിടിപ്പോടെയാണ് അണ്ണാ ഡിഎംകെ നേതൃത്വം വീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.