കീരിടം വിട്ട് കൊടുക്കാതെ മുംബൈ!!

0
48

ഐ.പി.എല്ലില്‍ ചരിത്രം ആവർത്തിച്ച് മുംബെെ ഇന്ത്യൻസ്. അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ, ചരിത്ര നഗരിയായ ഹെെദരാബാദിനെ സാക്ഷിയാക്കി മുംബെെ ഇന്ത്യൻസ് ഐ.പി.എല്ലിലെ നാലാം കിരീടം ഉയർത്തി. ഒരു റണ്ണിനാണ് മുംബെെ ഇന്ത്യൻസ് ചെന്നെെയെ കീഴടക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബെെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 149 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെെക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 148 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മുംബെെക്കായി ബൂംറ രണ്ട് വിക്കറ്റ് എടുത്തു. രാഹുൽ ചഹാർ, മലിംഗ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

വലുതല്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ ചെന്നെെക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പൺമാരായ ഡു പ്ലെസിസും (13 പന്തിൽ നിന്നും 26) ഷെയൻ വാട്സണും (59 പന്തിൽ നിന്നും 80) ചേർന്ന് നൽകിയത്. എന്നാൽ തുടക്കത്തിലുണ്ടായ മികവ് നിലനിർത്താൻ ചെന്നെെക്ക് സാധിച്ചില്ല. അവസാന ഓവർ വരെ വാട്സണ്‍ ക്രീസിൽ നിലയുറപ്പിച്ചു. വിക്കറ്റിന് പിറകിൽ ഡികോക്കിന് പിടികൊടുത്ത് ഡു പ്ലെസിസ് മടങ്ങിയതിന് പിന്നാലെ എത്തിയ റെയ്ന (8), റായിഡു (1), നായകൻ ധോണി (2), ബ്രാവോ (15 പന്തിൽ 15) എന്നിവർ ക്രീസിൽ വന്നതും പോയതും പെട്ടെന്നായിരുന്നു.

അവസാന ഓവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്ന ചെന്നെെക്കെതിരെ പന്തെറിയാൻ എത്തിയ ലങ്കൻ താരം ലസിത് മലിംഗ പക്ഷെ, അവിശ്വസനീയമാം വിധം മത്സരം മുംബെെയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവസാന ഓവറിലെ നാലാം പന്തിൽ ഇല്ലാത്ത റണ്ണിനോടിയ വാട്സനെ ക്രുണാല്‍ എറിഞ്ഞ് വീഴ്ത്തിയപ്പോൾ, അവസാന പന്തിൽ രണ്ട് റൺ വേണ്ടിടത്ത്, പന്ത് നേരിട്ട താക്കൂറിനെ മലിംഗ എൽ.ബി.ഡ്ബ്ല്യൂവിൽ കുരുക്കി.

നേരത്തെ, മുംബെെക്കായി അവസാന നിമിഷം തകർത്തടിച്ച പൊള്ളാർഡാണ് (25 പന്തിൽ നിന്നും 41) മുംബെെക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. മൂന്ന് വീതം സിക്സും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്

ഓപ്പണർമാരായ ഡികോക്കും (17 പന്തിൽ നിന്ന് 29) രോഹിത്ത് ശർമ്മയും (14 പന്തിൽ നിന്നും 15) മികച്ച തുടക്കം നൽകി സ്കോർ ബോർഡിന്‍റെ വേഗം കൂട്ടിയെങ്കിലും, തുടർന്ന് റൺ കണ്ടെത്താൻ പാടുപെടുന്ന മുംബെെയെ ആണ് കണ്ടത്. സൂര്യകുമാർ യാദവ് (17 പന്തിൽ നിന്നും 15), ഇഷാൻ കിഷൻ (26 പന്തിൽ നിന്ന് 23), ക്രുണാൽ പാണ്ഡ്യ (7 പന്തിൽ നിന്നും 7), ഹാർദിക് പാണ്ഡ്യ (10 പന്തിൽ നന്നും 16) എന്നിവർ നിലയുറപ്പിക്കും മുമ്പേ മടങ്ങി.

മുംബെെ നിരയില്‍ രാഹുൽ ചഹാറും മിച്ചൽ മക്ലിൻഗനും സംപൂജ്യരായി തിരിച്ചു കയറി. ചെന്നെെക്കായി ദീപക് ചഹാർ മൂന്ന് വിക്കറ്റ് എടുത്തു. ശ്രദുൽ താക്കുറും ഇമ്രാൻ താഹിറും രണ്ട് വിക്കറ്റ് വീതമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.