കൊടിക്കുന്നില്‍ സുരേഷാകുമോ ലോക്‌സഭ കക്ഷി നേതാവ്??

0
23

17ാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വലിയ പ്രതീക്ഷകളുമായിറങ്ങി വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ വന്‍ ഭൂരിപക്ഷത്തോടെ അധികാര തുടര്‍ച്ച നേടിയപ്പോള്‍ 52 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് സ്ഥാനം പോലും സ്വന്തമാക്കാനാകാത്ത സ്ഥിതിയിലാണ്. ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ 54 സീറ്റാണ് വേണ്ടത്. 219 സീറ്റ് അകലെ ഭരണ സ്വപ്നം നഷ്ടമായ രാഹുല്‍ ആര്‍മിയുടെ ഇപ്പോഴത്തെ ദു:ഖം  രണ്ട് സീറ്റ് അകലെ നഷ്ടമാകുന്ന പ്രതിപക്ഷ നേതാവ് പദവിയാണ്.

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍, മോദി വിശാലത കാട്ടിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ലോക് സഭയ്ക്ക് പ്രതിപക്ഷ നേതാവുണ്ടാകില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയ മറ്റൊരു ചര്‍ച്ച  ചടുലമാക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ആരാകും കോണ്‍ഗ്രസിന്‍റെ ലോക് സഭാ കക്ഷി നേതാവ് എന്നത് സംബന്ധിച്ചാണ് ചൂടേറിയ ചര്‍ച്ച. എന്തായാലും പന്ത് കേരളത്തിന്‍റെ കോര്‍ട്ട് വിട്ട് പോകില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ ഗാന്ധി, തിരുവനന്തപുരത്ത് ബിജെപി ഉയര്‍ത്തിയ വെല്ലുവിളികളെ നിഷ്പ്രഭമാക്കി ഹാട്രിക് വിജയം കൊഴ്ത ശശി തരൂര്‍, ലോക് സഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ കൊടിക്കുന്നില്‍ സുരേഷ് എന്നിവരില്‍ ഒരാളാകും കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാതിരുന്നപ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന അംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസിന്‍റെ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ഖാര്‍ഗെ തോല്‍വി ഏറ്റുവാങ്ങി. ലോക് സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 50 കടത്തിയത് കേരളത്തിലെ വിജയമാണ്. രാഹുല്‍ ഗാന്ധിയടക്കം 15 അംഗങ്ങളാണ് കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.

പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ കഴിഞ്ഞ തവണത്തെപോലെ രാഹുല്‍ ഗാന്ധി മാറി നില്‍ക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. സ്വന്തം മണ്ഡലത്തില്‍ ജയിക്കാനാകാത്തതും രാഹുലിന് തിരിച്ചടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവി പോലും രാജിവയ്ക്കാന്‍ തയ്യാറായ രാഹുല്‍ തത്കാലം ലോക് സഭയിലെ കക്ഷി നേതാവാകാന്‍ തയ്യാറായേക്കില്ല. സംഘടനാ സംവിധാനം ശക്തമാക്കാനുള്ള തീവ്രശ്രമത്തിലാകും ഇനിയുള്ള രാഹുലിന്‍റെ ശ്രദ്ധ.

ഈ സാഹചര്യത്തിലാണ് ശശി തരൂരിനും കൊടിക്കുന്നില്‍ സുരേഷിനും സാധ്യത തെളിയുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന അഭിപ്രായ സര്‍വ്വെകളെപോലും നിഷ്പ്രഭമാക്കിയ ശശിതരൂര്‍ ലക്ഷം ഭൂരിപക്ഷത്തിലാണ് പാര്‍ലിമെന്‍റിലെത്തുന്നത്. വിശ്വ പൗരന്‍ എന്ന ലേബലാണ് തരൂരിന്‍റെ ഏറ്റവും വലിയ കൈമുതല്‍. മോദിക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത ആക്രമണം നടത്താന്‍ ശേഷിയുള്ള നേതാവ് എന്ന വിശേഷണവും തരൂരിന് തുണയാകും.

അതേസമയം ഏറ്റവും കൂടുതല്‍ തവണ പാര്‍ലിമെന്‍റിലെത്തിയ കോണ്‍ഗ്രസ് നേതാവ് എന്നതാണ് കൊടിക്കുന്നില്‍ സുരേഷിന് പ്രതീക്ഷ നല്‍കുന്ന ഘടകം. ഒമ്പത് തവണ മത്സരിച്ചിട്ടുള്ള കൊടിക്കുന്നില്‍ ഏഴു വട്ടവും വിജയം സ്വന്തമാക്കി ലോക് സഭയിലെത്തിയിട്ടുണ്ട്. ദളിത് നേതാവ് എന്നതും സുരേഷിന് അനുകൂല ഘടകമാണ്. പ്രോ ടൈം സ്പീക്കറായി മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ തെരഞ്ഞെടുക്കപെടുക സുരേഷാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് ലോക് സഭയിലെ കക്ഷി നേതാവാകാനുള്ള സാധ്യത വര്‍ധിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈകൊള്ളുമെന്നും ആരായാലും സന്തോഷമെന്നും കെ പി സി സി വക്താവ് തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.