സുരക്ഷാ സംവിധാനങ്ങളില്ലാതെ വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ കടത്തുന്നു??

0
30

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ കടത്തുന്നുവെന്ന് ആരോപണം. ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ് അടക്കമുള്ളിടങ്ങളില്‍ ഇവിഎമ്മുകള്‍ കടത്തിയത് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. കരുതല്‍ ഇവിഎമ്മുകളാണ് വാഹനത്തില്‍ കടത്തിയതെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രംഗത്തെത്തി.

ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലെ ഒരു കടയില്‍ നിന്നും വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും കാറുകളിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്.പി ബി.എസ്.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്നവരെ തടയുകയും ചെയ്തു. ജാന്‍സിയില്‍ നിന്നും സമാനമായ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബിഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്ക് വോട്ടിങ് യന്ത്രങ്ങളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

പഞ്ചാബിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും ഇവിഎം സുരക്ഷയില്ലാതെ ഉദ്യോഗസ്ഥര്‍ കടത്തുന്നത് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇത്തരം നീക്കങ്ങള്‍ തടയാനും കേന്ദ്രങ്ങളില്‍ ജാഗ്രത പാലിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ ആരോപണങ്ങള്‍ ആദ്യം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ നിലപാട് മാറ്റി. കരുതല്‍ വോട്ടിങ് യന്ത്രങ്ങളാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്നും വീഴ്ചയുണ്ടായെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംശയത്തിനിട നല്‍കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.