മയക്ക് മരുന്ന് ഉപയോഗം കണ്ടെത്താന്‍ ഏബണ്‍ കിറ്റുകള്‍

0
29

മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാൻ തീരുമാനം. ഗുജറാത്തിലെ വഡോദരയിൽ നിന്ന് 50 കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ ഹൈകോടതിയെ അറിയിച്ചു.

മരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലിസ് കമീഷണര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകൾക്കാണ് വഡോദര പൊലീസ് ഉപയോഗിക്കുന്നത് പോലുള്ള കിറ്റുകള്‍ നല്‍കുന്നതെന്ന് സീനിയർ ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു.

കിറ്റുകൾ ഉപയോഗിച്ച് ഇതു വരെ 48 കേസുകള്‍ പോസിറ്റീവായി കണ്ടെത്താനായെന്നാണ് വഡോദര പൊലീസ് അറിയിച്ചിരിക്കുന്നത്. കിറ്റ് ഫലപ്രദമാണെങ്കില്‍ കൂടുതല്‍ വാങ്ങും. സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് പുറമെ രക്തം, മൂത്രം, ഉമിനീര്, മറ്റു സ്രവങ്ങള്‍, മുടി, വിരലയടാളം തുടങ്ങിയവ പരിശോധിച്ചും ലഹരി ഉപയോഗം കണ്ടെത്താമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത്തരം പരിശോധനകള്‍ നടക്കുന്നതെങ്ങിനെ, ഏബണ്‍ കിറ്റിന്റെ വില, ആകെ വേണ്ടിവരുന്നവയുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വിശദീകരണം സത്യവാങ്മൂലമായി സമർപ്പിക്കാൻ സര്‍ക്കാറിന്റെ നിർദേശം പരിഗണിച്ച കോടതി വ്യക്തമാക്കി. തുടർന്ന് കേസ് മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.