‘താമര’ വിരിയാത്ത സംസ്ഥാനങ്ങള്‍ ഇതൊക്കെയാണ്‌

0
70

2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയിരിക്കുന്നത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

എന്നാൽ ബിജെപിയെ പൂർണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാ​ഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ബിജെപിക്ക് ആയില്ലാ എന്നത് ഏറെ ശ്രദ്ധേയമാണ്.

25-ൽ 22 സീറ്റും നേടിയാണ് വൈഎസ്ആർ ആന്ധ്രപ്രദേശിൽ ചരിത്രവിജയം നേടിയത്. തമിഴ്നാടിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ഡിഎംകെയും ഇത്തവണ ഉജ്ജ്വല വിജയമാണ് കാഴചവച്ചത്. 38 ലോക്സഭ സീറ്റുകളിൽ 23 സീറ്റുകളാണ് ഡിഎംകെ നേടിയത്. രണ്ട് മണ്ഡലങ്ങളുള്ള മേഘാലയ, ഒരു മണ്ഡലം മാത്രമുള്ള മിസോറാം, നാ​ഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ അവിടുത്തെ പ്രാദേശിക പാർട്ടികൾ തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയമുറപ്പിച്ചത്. അതേസമയം കേരളത്തിലെ സ്ഥിതി​ഗതികൾ വ്യത്യസ്തമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കേരളം ഇത്തവണ കോൺ​ഗ്രസിനൊപ്പമാണ് നിന്നത്. കേരളത്തിലെ 20 ലോക്സഭ സീറ്റുകളിൽ 19 സീറ്റ് നേടി അത്യുജ്ജ്വല വിജയമാണ് കോൺ​ഗ്രസ് കാഴ്ചവച്ചത്. ഇവിടെ ബിജെപി അകൗണ്ട് പോലും തുറക്കാനാകാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്.

അതേസമയം ഒഡിഷ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബം​ഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചിട്ടുണ്ടെന്ന് ശ്രദ്ധേയമാണ്. 21 ലോക്സഭ സീറ്റിൽ 12 സീറ്റുകളാണ് ഒഡിഷയിലെ പ്രദേശിക പാർട്ടിയായ ബിജു ജനതാ​ദൾ നേടിയത്. ഇവിടെ ഏട്ട് സീറ്റുകളിൽ വിജയമുറപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പഞ്ചാബിൽ കോൺ​ഗ്രസ് വൻ വിജയം കാഴ്ചവച്ചപ്പോൾ തൊട്ട് പുറകിലായി ബിജെപി ഉണ്ടായിരുന്നു. 13 മണ്ഡലങ്ങളിൽ 8 സീറ്റ് കോൺ​ഗ്രസ് നേടിയപ്പോൾ 2 സീറ്റിൽ ബിജെപി വിജയമുറപ്പിച്ചിരുന്നു. തെലങ്കാനയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രാദേശിക പാർട്ടിയായ ടിആർഎസ് തെലങ്കാനയിൽ 9 സീറ്റ് നേടിയപ്പോൾ ബിജെപിയും കോൺ​ഗ്രസും സീറ്റുകളുറപ്പിച്ച് പിന്നാലെ ഉണ്ടായിരുന്നു. 17 മണ്ഡലങ്ങളിൽ 4 സീറ്റ് ബിജെപിയും 3 സീറ്റ് കോൺ​ഗ്രസും നേടി.

ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും ശക്തമായ മത്സരം നടന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബം​ഗാൾ. തൃണമൂൽ കോ​ൺ​ഗ്രസ് നേതാവും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ശക്തികേന്ദ്രമായ ബം​ഗാളിൽ വിജയമുറപ്പിക്കുക എന്നത് ബിജെപി സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തി ബം​ഗാളിലും ബിജെപി ​ഗംഭീര വിജയമാണ് കാഴ്ചവച്ചത്. സംസ്ഥാനത്തെ 42 ലോക്സഭ മണ്ഡ‍ലങ്ങളിൽ 18 മണ്ഡലങ്ങിലും ബിജെപി ആധിപത്യം ഉറപ്പിച്ചു. 22 സീറ്റുകളിൽ നിലയുറപ്പിച്ച് തൃണമൂൽ തങ്ങളുടെ കോട്ട പിടിച്ചുനിർത്തി. ഉത്തർപ്രദേശ് (80), മഹാരാഷ്ട്ര (48) എന്നീ സംസ്ഥാനങ്ങൾ‌ക്ക് ശേഷം ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡ‍ലങ്ങളുള്ള സംസ്ഥാനമാണ് പശ്ചിമ ബം​ഗാൾ.

കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപിലും പുതുച്ചേരിയിലും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിയെ പോലും ഉണ്ട‍ായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരു മണ്ഡലം മാത്രമുള്ള ലക്ഷദ്വീപിലും പുതുച്ചേരിയിലും കാലാക്കാലങ്ങളായി കോ​ൺ​ഗ്രസിന് തന്നെയാണ് മുൻതൂക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.