അമേഠി ഗാന്ധികുടുംബത്തെ കൈവിടുന്നത് രണ്ടാം തവണ..

0
50

 

ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമാണ് അമേഠി… വൈകാരികമായി ഏറെ ബന്ധമുള്ള മണ്ഡലം. രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും ആദ്യമായി അങ്കം കുറിച്ചത് ഈ മണ്ഡലത്തില്‍ നിന്നാണ്. ആ മണ്ണ് തന്നെ തള്ളിപ്പറയുമെന്ന് രാഹുല്‍ ഗാന്ധി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ ഇത്തവണ സ്മൃതി ഇറാനിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ രാഹുലിന് അടിയറവുപറയേണ്ടി വന്നു. പക്ഷെ ചരിത്രത്തില്‍ ആദ്യമായല്ല കോണ്ഗ്രസിനെ അമേഠി കൈവിടുന്നത്. ഇതിന് മുമ്പ് രണ്ട് തവണ കോണ്‍ഗ്രസ് ഇവിടെ പരാജയം മണത്തിട്ടുണ്ട്. അതില്‍ തന്നെ ഒരു തവണ തോല്‍വി രുചിച്ചത് ഗാന്ധികുടുംബത്തിലെ അംഗമാണ്.1977 ല്‍ ജനത പാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും, 1998 ല്‍ ബിജെപി നേതാവ് സഞ്ജയ് സിങും ഇവിടെ നിന്നും ലോക്സഭയിലെത്തിയത് കോണ്‍ഗ്രസിനേറ്റ അടിയായിരുന്നു. പിന്നീട് 42 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു തോല്‍വി…
അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധിയെ മുക്കാല്‍ ലക്ഷം വോട്ടിനാണ് അമേഠിക്കാര്‍ തോല്‍പ്പിച്ചത്. പക്ഷേ 1980 ല്‍ 128,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. വിമാനാപകടത്തില്‍ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠന്‍ രാജീവ് അമേഠിയിലെത്തി. 1981 ല്‍ രാജീവ് 237,696 വോട്ടിനാണ് ജയിച്ചത്. 1984ല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ രാജീവ്
ഭൂരിപക്ഷം 314,878 ആക്കി ഉയര്‍ത്തി. 1989 ല്‍ ഭൂരിപക്ഷം 202,138 ഉം 1991 ല്‍ 112,085 ഉം ആയി. അതേ വര്‍ഷം തന്നെ അദ്ദേഹം തമിഴ് പുലികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു.
രാജീവിന്റെ മരണ ശേഷം രാഷ്ട്രീയത്തില്‍ നിന്നും ഗാന്ധികുടുംബം കുറച്ചുകാലം വിട്ടു നിന്നപ്പോഴാണ് പിന്നീട് മറ്റൊരു കോണ്‍ഗ്രസുകാരന്‍ അവിടെ നിന്നും ജയിച്ച് ലോക്സഭയിലേക്ക് പോകുന്നത്. 1991 ലും 1996 ലും സതീഷ് ശര്‍മയായിരുന്നു. എന്നാല്‍ 1998 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേഠിക്കാര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ബി.ജെ.പി സ്ഥാനാര്‍ഥി സഞ്ജയ് സിങ് 23,270 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം സോണിയ തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയതും ഗാന്ധി കുടുംബത്തിന് പ്രിയപ്പെട്ട ഈ മണ്്ഡലത്തില്‍ നി്ന്ന് തന്നെ.1999ല്‍ ഇരുപത്തി മൂവായിരത്തില്‍ പരം വോട്ടിന് കോണ്‍ഗ്രസിനെ വിട്ട അമേഠിക്കാര്‍ മൂന്നു ലക്ഷം വോട്ട് ഭൂരിപക്ഷത്തില്‍ സോണിയയെ തിരഞ്ഞെടുത്തു.
തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കപ്പെട്ടു. അമ്മ സോണിയ ഗാന്ധികുടുംബത്തിന്റെ അഭിമാന മണ്ഡലം മകന് ഒഴിഞ്ഞുകൊടുത്ത് റായ്ബറേലിയിലേക്ക് മാറി. 2004 ല്‍ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ആദ്യമായി ലോക്സഭയിലെത്തി. 2009 ല്‍ 3,70,198 ആക്കി രാഹുല്‍ ഭൂരിപക്ഷം ഉയര്‍ത്തി. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ പടയോട്ടത്തില്‍ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി.ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. അന്ന് വെല്ലുവിളി ഉയര്‍ത്തിയ സ്മൃതി ഇറാനി ഇത്തവണ അദ്ദേഹത്തെ തോല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.