നമോ ടി.വിക്ക് വീണ്ടും വിലക്ക്, മുന്‍കൂര്‍ അനുമതിയില്ലാതെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

0
70

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനുകൂലമായ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടി.വിക്ക് വീണ്ടും വിലക്ക്. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു രാഷ്ട്രീയ പരിപാടികളും സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഇലക്‌ട്രോണിക് മാദ്ധ്യമങ്ങള്‍ വഴി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തിലാണ് നിര്‍ദ്ദേശം.ചില ഉള്ളടക്കങ്ങളുടെ അംഗീകാരത്തിനായി ബി.ജെ.പി. സമീപിച്ചിരുന്നെന്നും എന്നാല്‍, തങ്ങളുടെ അംഗീകാരം ലഭിക്കാത്ത ഉള്ളടക്കങ്ങളും നമോ ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഡല്‍ഹി സി.ഇ.ഒ. കമ്മിഷനെ അറിയിച്ചു. ഇലക്‌ട്രോണിക് മീഡിയയില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ രാഷ്ട്രീയപരസ്യങ്ങള്‍ക്കും എം.സി.എം.സി.യുടെ അംഗീകാരം നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള പി.എം.മോദി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. മോദിയുടേയും ബി.ജെ.പിയുടേയും പ്രചാരണത്തിന് ഉപയോഗിക്കുന്ന നമോ ടിവിയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനും വിലക്കുണ്ട്.അതേസമയം,​ മോദിയുടെ പ്രസംഗങ്ങളും അഭിമുഖങ്ങളും മാത്രം സംപ്രേക്ഷണം ചെയ്യുന്ന നമോ ടി.വി ഡി.ടി.എച്ച്‌ ഫ്ലാറ്റ് ഫോമില്‍ പരസ്യ സംപ്രേക്ഷണത്തിനു വേണ്ടി തുടങ്ങിയതാണെന്നും അത്തരം ചാനലുകള്‍ക്ക് അനുമതി ആവശ്യമില്ലെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. നമോ ടി.വിക്ക് ബ്രോഡ്‌കാസ്‌റ്റ് ലൈസന്‍സും പ്രക്ഷേപണത്തിന് മുന്‍പു ലഭിക്കേണ്ട സുരക്ഷാ അനുമതിയും ഇല്ലെന്ന പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.