കണ്ണൂരില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കള്ളവോട്ട് ചെയ്‌തു

0
50

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ബൂത്തില്‍ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
അതേസമയം, സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ആരോപിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ ഗുരുതരമാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് , കണ്ണൂര്‍ ജില്ലാ കളക്‌ടര്‍മാരില്‍ നിന്നും ബന്ധപ്പെട്ട പ്രിസൈഡ‌ിംഗ് ഓഫീസര്‍ എന്നിവരില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്ന വീഡിയോയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എം.പിയും മുന്‍ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടര്‍മാര്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ‌്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മടങ്ങേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.