സമ്പത്തും ക്ഷേമവും ഉറപ്പാക്കി കോൺഗ്രസ് പ്രകടന പത്രിക

0
73

സമ്പത്തും ക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് പത്രിക തയ്യാറാക്കിയത്.
ജനപ്രിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ന്യായ പദ്ധതിക്ക് പുറമേ 5 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും 22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.ജനങ്ങളുടെ പ്രധാനപ്രശ്നങ്ങള്‍ പ്രചാരണമുഖ്യധാരയില്‍ തിരിച്ചെത്തിക്കും. തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്ന് പത്രികയില്‍ പറയുന്നു. ഉല്‍പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കും. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതിക്ക് മുന്‍ഗണന നല്‍കും. 2020 മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിലെ ഒഴിവുകള്‍ നികത്തും. ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്തി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. തൊഴിലുറപ്പുപദ്ധതിയില്‍ 150 ദിവസം തൊഴില്‍ ഉറപ്പാക്കും എന്നിവയാണ് പ്രകടന പത്രികയില്‍ പറയുന്നത്.നരേന്ദ്ര മോദി നല്‍കാമെന്ന് പറഞ്ഞ 15 ലക്ഷത്തിനെ പോലെയാകില്ല ഇതെന്നും നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദ്ധാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് നല്‍കുകയുള്ളൂ എന്നും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. ന്യായ് പദ്ധതി മൂലം രണ്ടു കാര്യങ്ങളാണ് നടപ്പാകുക. ദരിദ്രര്‍ക്ക് അവരുടെ കൈവശം പണം ലഭിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് മുരടിച്ചുപോയ സമ്ബദ്സ്ഥിതി മുന്നോട്ടു നീങ്ങും. വ്യവസായം തുടങ്ങുന്നതിന് ആദ്യത്തെ മൂന്നുവര്‍ഷം അനുമതി ആവശ്യമില്ല. തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍നിന്ന് 150 ആക്കി ഉയര്‍ത്തും. കര്‍ഷകര്‍ക്കായി രണ്ടു പ്രധാന സംഗതികളാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്കു മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. വായ്പ തിരിച്ചടയ്ക്കാതിരുന്നാല്‍ ക്രിമിനല്‍ കേസെടുക്കുന്നത് നിര്‍ത്തലാക്കുമെന്നും രാഹുല്‍ പറഞ്ഞു. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ രംഗത്തേക്ക് ഉപയോഗിക്കുമെന്നു തെരഞ്ഞെടുപ്പു പത്രികയില്‍ പറയുന്നു.ഇന്ന് ചരിത്ര ദിനമാണെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക ശക്തവും വികസിതവുമായ രാജ്യത്തെ രൂപപ്പെടുത്തുമെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും 7.70 കോടി ജോലിയാണ് മോദി സര്‍ക്കാരിനു കീഴില്‍ നഷ്ടപ്പെട്ടതെന്നും പി.ചിദംബരവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.