അംബിയണ്ണനേയും സിനിമയേയും കൂട്ട് പിടിച്ച് സുമലത ഇറങ്ങുന്നു കന്നഡ രാഷ്ട്രീയത്തിലേക്ക്!!

0
73

രാഷ്ട്രീയത്തിലിറങ്ങുന്നതു മണ്ഡ്യയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ്. മണ്ഡ്യയില്ലെങ്കില്‍ വേറൊന്നുമില്ല, തോല്‍വിയെക്കുറിച്ച് ഭീതിയുമില്ല. കന്നഡ സിനിമാലോകം മുഴുവന്‍ ഒപ്പമുണ്ട്.’ഇത് പഴയ ക്ലാരയുടെ വാക്കുകളല്ല, മാണ്ഡ്യയുടെ പുത്രന്‍ അംബരീഷിന്റെ സഹധര്‍മ്മിണി അല്ലെങ്കില്‍ മാണ്ഡ്യയുടെ മരുമകളുടെ വാക്ക്… അതെ ഒരുപാട് വാക്ക് പോരുകള്‍ക്ക് ശേഷം സുമലത തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുകയാണ്. കൂട്ടിന് മക്കളുമുണ്ട്.
എല്ലാ പാര്‍ട്ടിക്കാരും അംബരീഷിനെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ഡ്യയിലെ ജനങ്ങളുടെ സ്‌നേഹമാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ നിര്‍ബന്ധിതയാക്കിയത്’.എന്ന് സുമലത പറയുമ്പോള്‍ അതില്‍ അവരുടെ രാഷ്ട്രീയം വ്യക്തമാണ്.മണ്ഡ്യയിലെ എല്ലാ വിഭാഗം വോട്ടര്‍മാരെയും ഒപ്പംനിര്‍ത്തി വിജയമുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് സുമലത ഒരുക്കുന്നത്. അതേസമയം താരം സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ജനതാദളിനെ (എസ്) നയിക്കുന്ന ഗൗഡ കുടുംബത്തിനും സുമലത റിബലായി മാറിയിരിക്കുകയാണ്.

മണ്ഡ്യയുടെ വീരപുരുഷനാണ് തന്റെ ഭര്‍ത്താവ് അംബരീഷെന്നും മണ്ഡ്യുടെ മരുമകള്‍ക്ക് വോട്ടു തരൂവെന്നുമാണ് ഇപ്പോള്‍ സുമലത സമ്മതിദായകരോട് ആവശ്യപ്പെടുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുടെ മകനും കന്നഡ നടനുമായ നിഖില്‍ ഗൗഡ മണ്ഡ്യയില്‍ മത്സരിക്കാനായി തയാറായിരിക്കുന്ന വേളയിലാണ് തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്നുവെന്ന് സുമലതയും അറിയിച്ചിരിക്കുന്നത്. ഇതിനിടെ ദളിന്റെ സീറ്റ് സുമലതയ്ക്കായി ചോദിച്ച് വാങ്ങി കൊടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് താന്‍ ഒറ്റയ്ക്ക് മത്സരിക്കാനും തയാറാണെന്ന് സുമലത വ്യക്തമാക്കിയത്.

അംബരീഷ് ആരാധകരുടെയും, കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന്റെ നീക്കുപോക്കുകളോടു പരിഭവമുള്ള കോണ്‍ഗ്രസ് അണികളുടെയും വോട്ട് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയില്‍ സുമലത പ്രചാരണവും തുടങ്ങികഴിഞ്ഞു.

രണ്ട് സിനിമാ താരങ്ങള്‍ മത്സരിക്കുമ്പോള്‍ സാധ്യത സുമലതയ്ക്കാണെന്ന മട്ടില്‍ പ്രചാരണം ഉയര്‍ന്നതോടെ ഗൗഡ കുടുംബം പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും ദളും ജയിച്ചിട്ടുള്ള മണ്ഡലത്തില്‍ വേരുപിടിക്കാനാവില്ലെന്ന് ഉറപ്പുള്ള ബിജെപി, സുമലതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല. മുന്‍ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷ് 3 തവണ മണ്ഡ്യയുടെ എംപിയായിരുന്നു; ആദ്യം ദള്‍ സ്ഥാനാര്‍ത്ഥിയായും പിന്നീടു രണ്ടുവട്ടം കോണ്‍ഗ്രസ് ആയും.നിയമസഭയിലും മണ്ഡ്യയെ പ്രതിനീധീകരിച്ച് സംസ്ഥാന മന്ത്രിയുമായി. ഭര്‍ത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനപ്പുറം രാഷ്ട്രീയമില്ലാതിരുന്ന സുമലതയെ മല്‍സരിക്കാന്‍ നിര്‍ബന്ധിച്ചത് അംബി ആരാധകര്‍ തന്നെ.

അദ്ദേഹത്തിന്റെ മരണശേഷം വീടിനു മുന്നില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ സുമലതയോട് ആവശ്യപ്പെട്ടത് ഒന്നുമാത്രം, ‘ മണ്ഡ്യയെ കൈവിടരുത്.’ ചെന്നൈയില്‍ ജനിച്ച്, മുംബൈയിലും ആന്ധ്രയിലും വളര്‍ന്ന്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളില്‍ അഭിനയിച്ച സുമലതയ്ക്കിപ്പോള്‍ തികഞ്ഞ രാഷ്ട്രീയക്കാരിയുടെ ഭാവവും സംസാരവും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.