ചരിത്രം കെട്ടുകഥകളെക്കാള്‍വിചിത്രമാണ്; എം. ടി. വാസുദേവന്‍നായര്‍

0
82

(കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ജാലകങ്ങളും കവാടങ്ങളും’ എന്ന പുസ്തകത്തില്‍ നിന്ന്)

പാണക്കാട് ശിഹാബ് തങ്ങളുമായി വ്യക്തിപരമായി അത്ര വലിയ അടുപ്പമുണ്ടെന്ന് പറഞ്ഞുകൂട. അദ്ദേഹത്തിന്റെ മരണം സംഭവിച്ച നാളുകളില്‍ ഇവിടുത്തെ മാധ്യമങ്ങളിലൂടെ നമുക്ക് കിട്ടിയ ഒരു ചിത്രമുണ്ട്. ആ മരണവാര്‍ത്തകേട്ട് ആയിരങ്ങള്‍ തടിച്ചുകൂടി. ഹാജര്‍ പതിക്കാനല്ല അവര്‍ വന്നത്. തങ്ങളുടെ ദുഃഖം, സ്നേഹം, നഷ്ടബോധം എല്ലാം രേഖപ്പെടുത്താന്‍ വന്ന ജനാവലിയുടെ ദൃശ്യങ്ങളും അതിനെപ്പറ്റിയുള്ള വിവരണങ്ങളും നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി ഒട്ടും അടുപ്പമില്ലാത്ത മീഡിയ പോലും ഒന്നും വെട്ടിമുറിക്കാതെ, ഒന്നും പെരുപ്പിക്കാതെ ആ മഹാജനപ്രവാഹത്തെ ചിത്രീകരിക്കാന്‍ ബാധ്യസ്ഥമായി.
സാധാരണ വലിയ കലാകാരനോ, നേതാക്കന്മാരോ ഒക്കെ മരിച്ചുകഴിയുമ്പോള്‍ ഒരുപാട് വാര്‍ത്തകള്‍ മീഡിയകളില്‍ വരും. പ്രിന്റ് മീഡിയയില്‍ ഒന്നാംപേജില്‍ ആ വാര്‍ത്ത വരും. രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ അത് ഉള്‍പ്പേജിലേക്ക് ഉള്‍വലിയും. പക്ഷെ ആഴ്ചകള്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ശിഹാബ് തങ്ങളുടെ പേരില്‍ അനുസ്മരണങ്ങള്‍ നടക്കുന്നു, പല പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്നത് ശ്രദ്ധാപൂര്‍വം ഞാന്‍ വീക്ഷിച്ചിട്ടുണ്ട്. നമ്മുടെ ഓര്‍മ്മ എന്നത് അല്പായുസ്സായ ഒന്നാണ്. ഇന്ന് കഴിഞ്ഞ കാര്യം നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നമ്മള്‍ മറന്നുപോകും. എന്നാല്‍ ദീപ്തമായ ഈ സ്മരണ കാലംകൊണ്ട് തേച്ചുമായ്ച്ചുകളയാന്‍ കഴിയാത്ത ഒന്നായി നിലനില്‍ക്കുകയാണ്.
അദ്ദേഹം തീര്‍ത്ത സ്നേഹത്തിന്റെ ലോകം അതിശക്തമായിരുന്നതുകൊണ്ടാണിത്. അദ്ദേഹത്തിന്റെ അധികാരം സ്നേഹമായിരുന്നു. സാധാരണ അധികാരത്തിന്റെ കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ ചുറ്റിനും ആളുകള്‍ കൂടുന്നത് ഭയക്കുന്നവരാണ്. രോഷംകൊണ്ടും അധികാരത്തിന്റെ ശക്തികൊണ്ടും മാത്രം നിലനില്‍ക്കുന്നവര്‍ അവരുടെ ചുറ്റും ആള്‍ക്കൂട്ടത്തെ വെച്ചുപൊറുപ്പിക്കില്ല. ഒഴിഞ്ഞ സ്ഥലങ്ങള്‍ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുക.
ശ്രീലങ്കയില്‍ ഒരു കോട്ടയുണ്ട്. സിഗ്രിയ കോട്ട. അത് വെറുമൊരു കോട്ടയല്ല. കുന്നാണ്. ലോകവും യുനെസ്‌കോ തുടങ്ങിയ സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുള്ള ഏറ്റവും പ്രമുഖങ്ങളായ ദൃശ്യങ്ങളില്‍ ഒന്നാണത്. മലയുടെ മുകളിലാണ് കോട്ടയും കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. പിതാവിനെ കൊന്ന് അധികാരം പിടിച്ചടക്കിയ കശ്യപന്‍ എന്ന രാജാവിന്റെ കൊട്ടാരമായിരുന്നു അത്. പിതാവില്‍നിന്ന് കശ്യപന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ സ്വത്തൊന്നും കാണാനുണ്ടായിരുന്നില്ല. സ്വര്‍ണമെവിടെ? രത്നങ്ങള്‍ എവിടെ എന്ന് കശ്യപന്‍ ചോദിച്ചപ്പോള്‍ പിതാവ് മകനെ കൂട്ടി കുന്നിന്‍ മുകളിലെത്തി. അവിടെ പൊയ്കയില്‍ നീന്തിത്തുടിച്ച് അച്ഛന്‍ പറഞ്ഞു.
‘ഇതാണ് എന്റെ സ്വത്ത്, ഈ വെള്ളം.’
കശ്യപന്‍ അച്ഛനെ തടവിലിട്ടു. സഹോദരനെ നീക്കം ചെയ്തു. തടവില്‍ കിടന്ന് അച്ഛന്‍ മരിച്ചു. പിന്നെ അയാള്‍ ജീവിച്ചത് ഭയത്തിന്റെ നടുവിലായിരുന്നു. ആരെയാണ് വിശ്വസിക്കേണ്ടതെന്നറിയില്ല. അതുകൊണ്ടയാള്‍ ചുറ്റുമുള്ള പ്രദേശങ്ങളെ ശൂന്യമാക്കി ഇട്ടു. ആ കോട്ടക്കുള്ളിലേക്ക് കടക്കുന്നതുതന്നെ ഒരു സിംഹത്തിന്റെ വായിലൂടെയായിരുന്നു. പിന്നെ മുകളിലേക്കുള്ള ഓരോ വഴിയും ഒരാള്‍ക്ക് അല്ലെങ്കില്‍ കഷ്ടിച്ച് രണ്ടാള്‍ക്ക് ഞെരുങ്ങി കടന്നുപോകാവുന്നത് മാത്രമായിരുന്നു. എവിടെനിന്നെങ്കിലും ശത്രുക്കള്‍ പെട്ടെന്ന് ഇരച്ചുകയറിവന്നാലോ എന്ന് ഭയന്ന് കോട്ടക്ക് ചുറ്റും അയാള്‍ ശൂന്യത സൃഷ്ടിച്ചിരുന്നു. കാരണം, അയാളുടെ ഒരു ജ്യേഷ്ഠനെ പുറത്താക്കിയിരുന്നു. എപ്പോഴാണ് അയാള്‍ ആക്രമിക്കാനെത്തുക എന്ന ഭയത്തിന്റെ നടുവിലായിരുന്നു ജീവിതം. ഇത് എക്കാലത്തുമുള്ള സംഭവമാണെന്ന് സാമൂഹികശാസ്ത്രകാരനും നോവലിസ്റ്റും നോബല്‍സമ്മാന ജേതാവുമായ ഏലിയാസ് കനേറ്റി തന്റെ  പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലേക്ക് രക്ഷപ്പെട്ട കശ്യപന്റെ ജ്യേഷ്ഠന്‍ പിന്നീട് തിരിച്ചെത്തി സൈന്യമുണ്ടാക്കി അയാളെ അവിടെനിന്ന് തുരത്തുകയായിരുന്നു. അപ്പോള്‍ ഏകാധിപതികള്‍ ശൂന്യസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നത് ഭയംകൊണ്ടാണ്. ഭയത്തിന്റെ നിഴലില്‍ ജീവിക്കുന്നവര്‍ക്കാണ് ചുറ്റും ശൂന്യസ്ഥലം സൃഷ്ടിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. അതേപോലെതന്നെയാണ് അരക്കിറുക്കനായി സാഹിത്യത്തിലും ചരിത്രത്തിലുമൊക്കെ നമ്മള്‍ വ്യാഖ്യാനിക്കുന്ന തുഗ്ലക്കിന്റെ കാര്യവും. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് കടക്കാന്‍ മൂന്ന് വാതിലുകളായിരുന്നു. ഓരോ വാതിലിലും, തലേന്നും അതിന്റെ തലേന്നും ശിരച്ഛേദം ചെയ്യപ്പെട്ട ശവങ്ങള്‍ ഉണ്ടാവും. അതും കടന്നുവേണം കൊട്ടാരത്തിനകത്ത് കടക്കാന്‍. അദ്ദേഹത്തെക്കുറിച്ച് ആധികാരികമായി ഇംഗ്ലീഷ് ചരിത്രകാരന്മാരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുഗ്ലക്കിനെ ‘അരക്കിറുക്കന്‍’ എന്ന് വ്യാഖ്യാനിക്കാന്‍ തന്നെ കാരണം പെട്ടെന്ന് തലസ്ഥാനം മാറ്റിക്കളഞ്ഞു എന്നതിനാലാണ്. അതിനും കാരണം, ഇത്രയൊക്കെ ബന്തവസ്സുണ്ടായിട്ടും ചിലപ്പോള്‍ കുറിപ്പുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു എന്നതാണ്. ചില ഭീഷണികള്‍, ഭരണത്തെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു ആ കുറിപ്പുകള്‍. താന്‍ ഇത്രയൊക്കെ ചെയ്തിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ ആശങ്കപ്പെട്ടായിരുന്നു അദ്ദേഹം തലസ്ഥാനം പെട്ടെന്ന് മാറ്റിക്കളഞ്ഞത.് അപ്പോള്‍ ഏത് കാലത്തും ഇങ്ങനെയാണ്. സ്നേഹത്തിന്റെ കവചമില്ലാത്ത ആളുകള്‍ക്ക് ഭീതികൊണ്ട് അല്ലെങ്കില്‍ ഭയപ്പെടുത്തിക്കൊണ്ടുള്ള ഒരു നിലനില്‍പ്പാണ് ഉള്ളത്. ജീവശാസ്ത്രപരമായും ഇങ്ങനെയാണ്. മനുഷ്യന്‍ വയലന്‍സിലാണ് ജീവിക്കുന്നത്. അനേകമനേകം ബീജങ്ങളെ നശിപ്പിച്ച് ഒരു ബീജം പ്രവാഹം നടത്തിയാണ് അണ്ഡാശയത്തില്‍ എത്തുന്നത്. പല ഗോത്രസമൂഹങ്ങളിലും ആദ്യകാലത്തുണ്ടായിരുന്നത് ഇതേ രീതിയായിരുന്നു. ആഫ്രിക്കന്‍ ഗോത്രങ്ങളിലൊക്കെത്തന്നെ ഇത് കാണാന്‍ കഴിയും. എത്യോപ്യയിലെ, പഴയ അബ്സീനിയയിലെ ആദിമഗോത്രക്കാര്‍ പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നത് വിചിത്രമായ രീതിയിലായിരുന്നു. അധികാരം ഏറ്റെടുക്കുന്നതിനുമുമ്പ് രാജസഭയിലെ അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ ദേഹോപദ്രവം ഒഴികെയുള്ള എല്ലാം ചെയ്യുമായിരുന്നു. തുപ്പും, ചീത്തപറയും അങ്ങനെ…. എന്നിട്ട് പറയും ‘താനിവിടെ ഭരിക്കാന്‍ പോകുമ്പോള്‍ ഞങ്ങളെ എന്താ ചെയ്യാന്‍ പോകുന്നത് എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അപ്പോള്‍ ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ലല്ലോ… അതിനാണ് ഇത്.’
ആറുദിവസം ഇത് നീണ്ടുനില്‍ക്കും. അതുകഴിഞ്ഞാല്‍ കിരീടധാരണം. ആറുദിവസം ആഘോഷം. പല ഗോത്രവര്‍ഗങ്ങളിലും ക്രൂരമായ അധികാരം അടിച്ചേല്‍പിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. രാജാവായി തെരഞ്ഞെടുക്കപ്പെടുന്ന ഗോത്രത്തലവന് ഒരു കാലിന് മുടന്തുണ്ടെങ്കില്‍ തന്റെ രാജ്യസഭകളിലെ അംഗങ്ങളുടെ കാലുകളെ തല്ലിയൊടിച്ച് അവരെ മുടന്തരാക്കിയിരുന്നു. ഇല്ലെങ്കില്‍ മുടന്തിമുടന്തി നടക്കണമെന്ന് കല്‍പ്പിച്ചിരുന്നു. നരവംശ ശാസ്ത്രത്തിന്റെ പല അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മുകള്‍ത്തട്ടിലെ ഇത്തിരി സ്ഥലത്തെത്തിച്ചേരാന്‍ വേണ്ടി പ്രിയപ്പെട്ട എന്തിനെയും ചവിട്ടി മെതിച്ച നിരവധിപേരെ കാണാന്‍ കഴിയും. അവിടെ എത്തിക്കഴിഞ്ഞ് താഴെ നോക്കുമ്പോള്‍ ശൂന്യതയായി. അധികാരത്തിന്റെ ക്രൂരമായ ശക്തി ഉപയോഗിച്ചാണ് ഈ ഗോത്രത്തലവന്മാരൊക്കെ ഭരിച്ചത്. ഇതിന്റെയൊക്കെ ഫലം നമ്മള്‍ സാഹിത്യത്തിലും കണ്ടിട്ടുണ്ട്. സാഹിത്യത്തില്‍ മാജിക് റിയലിസമെന്നൊക്കെ പറയാറുണ്ട്. ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ മാര്‍കേസ് എഴുതുന്നതിനുമുമ്പുതന്നെ ആരംഭിച്ച ഒന്നാണത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന് ലോകത്തില്‍ ഇത്രയേറെ ആരാധകരും വായനക്കാരും ഉണ്ടായത് ഈ മാജിക് റിയലിസംകൊണ്ടാണ്. മാജിക് റിയലിസത്തെപ്പറ്റി പറഞ്ഞപ്പോള്‍ അവിടുത്തെ വലിയവലിയ എഴുത്തുകാരൊക്കെ പറഞ്ഞു. ‘നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇത് മാജിക്കൊന്നുമല്ല. ഞങ്ങളുടെ ചരിത്രമാണ്’ എന്ന്. ഉദാഹരണത്തിന് മെക്സിക്കോയില്‍ ഒരുപാടുകാലം പട്ടാളഭരണാധികാരി ആയിരുന്ന സാന്റാ അന. ഫ്രഞ്ചുകാരുമായുള്ള യുദ്ധത്തില്‍ ജയിച്ചാണ് സാന്റാ അന അധികാരത്തില്‍ വരുന്നത്. ആ യുദ്ധത്തിനിടയില്‍ അദ്ദേഹത്തിന്റെ ഒരു കാല് പോയി. പക്ഷേ, അദ്ദേഹത്തിന്റെ അനുയായികള്‍ ഈ കാല് ഭദ്രമായി സൂക്ഷിച്ചുവെച്ചു. അദ്ദേഹം പട്ടാളഭരണാധികാരിയായി വന്നപ്പോള്‍, കിരീടധാരണത്തിനുശേഷം ഈ കാല് മറവ് ചെയ്യാന്‍ വലിയ ഒരു ആഘോഷം സംഘടിപ്പിച്ചു. അവിടുത്തെ ബിഷപ്പുമാരെയും മറ്റ് ഉന്നതരെയും വിളിച്ചുവരുത്തിയാണ് അത് നടത്തിയത്. പിന്നീട് അദ്ദേഹത്തിനെതിരായി മറ്റൊരു കൂട്ടര്‍ രംഗത്തുവരികയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ആ കാലും എടുത്ത് പുറത്തുകളഞ്ഞു. പിന്നെയും സാന്റാ അന അധികാരത്തില്‍ വരുന്നു. ആ കാലും തിരിച്ചുവന്നു. അതാണ് സാന്റ അനയുടെ ചരിത്രം.
അതേപോലെയാണ് വെനിസ്വലയുടെ ഏകാധിപതിയായിരുന്ന വിന്‍ സെന്റ് ഗോമസിന്റെ ചരിത്രവും. അയാള്‍ ഒരുദിവസം പെട്ടെന്ന് മരിച്ചു. വാര്‍ത്ത എല്ലാ ദിക്കിലും പരന്നു. അതുകേട്ട് കൊട്ടാരത്തിന്റെ മുറ്റത്ത് ആളുകള്‍ ഓടിക്കൂടി പാടി ആഘോഷമാക്കി. ഭയങ്കരമായ ആഘോഷം. പെട്ടെന്ന് മരിച്ചയാള്‍ എഴുന്നേറ്റ് കല്‍പന പുറപ്പെടുവിച്ചു. ‘ഇവരെയൊക്കെ വെടിവെക്കൂ..’ തനിക്കെതിരായവര്‍ ആരൊക്കെയാണ് എന്ന് തിരിച്ചറിയുന്നതിനാണ് അങ്ങനെയൊരു പരീക്ഷണം വിന്‍സെന്റ് ഗോമസ് നടത്തിയത്. അവരെയെല്ലാം വെടിവെച്ചുകൊന്നു. അതുകൊണ്ട് അദ്ദേഹം ശരിക്കും മരിച്ചപ്പോള്‍ പേടിയായിരുന്നു ആളുകള്‍ക്ക്. മിലിട്ടറി യൂണിഫോമൊക്കെ ധരിപ്പിച്ചായിരുന്നു അദ്ദേഹത്തെ സിംഹാസനത്തില്‍ ഇരുത്തിയിരുന്നത്. ചിലര്‍ക്കൊക്കെ അപ്പോഴും സംശയമായിരുന്നു ഇദ്ദേഹം മരിച്ചതാണോ എന്ന്. ചരിത്രത്തില്‍ മറ്റൊരു ഏകാധിപതി ഗള്‍ഫ് ഓഫ് സ്പെയിനിലെ ഐസ് കട്ടകള്‍ മുഴുവന്‍ അരിസോണ മരുഭൂമിക്ക് പകരമായി വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് മാജിക്കൊന്നുമല്ല. അവരുടെ ചരിത്രത്തിന്റെ ഭാഗമാണ്.
ഇങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ചരിത്രങ്ങള്‍ നോക്കിയാല്‍ ഏകാധിപതികളുടെയും ക്രൂരമായ ശക്തികൊണ്ട് അധികാരത്തിലെത്തി ഭരണം നടത്തിയവരുടെയും പേരുകള്‍ ചരിത്രത്തിന്റെ കറുത്തമഷികൊണ്ട് രേഖപ്പെടുത്തിയതായി കാണാം. ഈ വയലന്‍സ് മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്. കൂടെയുള്ളവന്‍ വീഴുമ്പോള്‍ ചിരിക്കുമെന്ന് നമ്മള്‍ പറയാറുണ്ട്. വീഴുമ്പോഴുള്ള ഈ ചിരി ആദിമമനുഷ്യന്‍ കുന്തമെറിഞ്ഞ് വേട്ടയാടിയപ്പോള്‍ അവന്റെ ഇര വീഴുന്ന നേരത്ത് കാണിച്ചിരുന്ന ആഹ്ലാദമാണ്. അതിന്റെ അവശിഷ്ടമാണ് ഇപ്പോഴത്തെ മനുഷ്യനിലും നിലനില്‍ക്കുന്നത്. വയലന്‍സ് എന്നത് എവിടെയും എളുപ്പമാണ്. അത് ഊതിക്കത്തിക്കാനും എളുപ്പമാണ്.’ഒറ്റപ്പൊരി ഒരു വീട്ടെച്ചുടും’ എന്ന് പറയാറില്ലേ. ഒരു അരിപ്പച്ചൂട്ട് കത്തിച്ചെറിഞ്ഞാല്‍ ഒരു ഗ്രാമം മുഴുവന്‍ കത്തിക്കാനാവും. അങ്ങനത്തെ വയലന്‍സിനെ പ്രോല്‍സാഹിപ്പിക്കാന്‍ എളുപ്പത്തില്‍ കഴിയും. ജര്‍മനിയിലെ ബിയര്‍ഹാളുകളില്‍ വന്നുകൂടുന്ന ചെറുപ്പക്കാരോട് മുഴുവന്‍ ആര്യവംശത്തിന്റെ മഹത്വം പറഞ്ഞ്, ആര്യവംശമാണ് ലോകം ഭരിക്കേണ്ടതെന്നും അതിന് മറ്റുള്ളവര്‍ ഇല്ലാതാകണമെന്നും ചെറുതായി പറഞ്ഞുതുടങ്ങിയാണ് ഹിറ്റ്ലര്‍ ജര്‍മനിയുടെ അധിപനായി മാറിയത്. പത്തും പതിനഞ്ചും പേരുള്ള ബിയര്‍ഹാളുകളിലാണ് ഹിറ്റ്ലര്‍ പ്രസംഗിക്കാന്‍ തുടങ്ങിയത്. അവിടെനിന്നാണ് ലോകം പിടിച്ചടക്കാന്‍ പുറപ്പെട്ട ഒരു വലിയ ഏകാധിപതിയായി അയാള്‍ മാറിയത്. ഓഷ്വിറ്റ്സിലും ബുഷെന്‍വാള്‍ഡി ലുമൊക്കെയായി ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മനുഷ്യനെ കൊന്ന് ചാരമാക്കാന്‍ പോന്ന യന്ത്രസംവിധാനം കൂടി അയാള്‍ ഏര്‍പ്പെ ടുത്തി. വയലന്‍സ് ഉണ്ടാക്കാന്‍ എളുപ്പത്തില്‍ സാധിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണം പറഞ്ഞത് ഷെയ്ക്സ്പിയര്‍ തന്നെ. വിജയിയായി റോമില്‍ എത്തിയ ജൂലിയസ് സീസറെ സ്വീകരിക്കാന്‍ ഏവരും കാത്തുനില്‍ക്കുകയാണ്. അതില്‍ കുറച്ചുപേര്‍ എതിരാളികളായുണ്ട്. ബ്രൂട്ടസും കാഷ്യസും അങ്ങനെ കുറച്ചുപേര്‍. അവര്‍ക്ക് പ്രകടമായി ഒന്നും പറയാന്‍ കഴിയില്ല. അവരെല്ലാം ചേര്‍ന്നാണ് സെനറ്റ്ഹാളില്‍വെച്ച് ജൂലിയസ് സീസറെ കുത്തിക്കൊല്ലുന്നത്. റോമിന്റെ മുഴുവന്‍ ആരാധനയും പേറിയിരുന്ന സീസറെ ഓരോരുത്തരായി മാറിമാറി കുത്തിവീഴ്ത്തുകയായിരുന്നു. ജനങ്ങള്‍ അത്ഭുതസ്തബ്ധരായി നില്‍ക്കുമ്പോഴാണല്ലോ ബ്രൂട്ടസിന്റെ സുപ്രസിദ്ധമായ ആ പ്രസംഗം വന്നത്. അപ്പോള്‍ ജനങ്ങളുടെ മനസ്സ് മാറി. നമ്മള്‍ ആരാധിച്ചിരുന്ന സീസറിനെയല്ല ബ്രൂട്ടസ് വീഴ്ത്തിയത്. മനസ്സ് ആകപ്പാടെ മാറിപ്പോയി. സീസറുടെ ശവം അടക്കം ചെയ്യാനുള്ള അവകാശം ചോദിച്ചുകൊണ്ട് മാര്‍ക് ആന്റണി സംസാരിക്കുന്നു.അദ്ദേഹത്തെപ്പറ്റി ഒന്നും പറയാന്‍ പാടില്ല എന്നാണല്ലോ. ആ കണ്‍ഫ്യൂഷനിലാണ് മാര്‍ക് ആന്റണി പ്രസംഗിക്കുന്നത്. ‘ഞാന്‍ വന്നത് സീസറിനെ പുകഴ്ത്താനല്ല സംസ്‌കരിക്കാനാണ്’ എന്നുപറഞ്ഞ് ആരംഭിക്കുന്ന ആന്റണി നേരത്തേ സീസര്‍ക്കുണ്ടായിരുന്ന ഇമേജ് പുനഃസൃഷ്ടിക്കുയാണ് ആ പ്രസംഗത്തിലൂടെ ചെയ്തത്. അപ്പോഴേക്കും ജനങ്ങളാകെ മാറിപ്പോകുന്നു. നേരത്തെ മാറിയ ജനംതന്നെ സീസറോട് ചെയ്തത് ഏറ്റവും വലിയ തെറ്റാണെന്ന് പറയുന്നു. സീസറിനെതിരായി ഗൂഢാലോചന നടത്തിയ ബ്രൂട്ടസിനെയും കാഷ്യസിനെയും തെരഞ്ഞുനടക്കുന്നതും അദ്ദേഹം തന്നെയാണ്.
ഇതിലൂടെ ഷെയ്ക്സ്പിയര്‍ ചരിത്രം രേഖപ്പെടുത്തുക മാത്രമല്ല ചെയ്തത്. അദ്ദേഹം അക്രമാസക്തമാക്കാനായി വാചാടോപമുള്ള ഒരാള്‍ പുറപ്പെട്ടാല്‍ സാധിക്കുമെന്ന് സ്ഥാപിക്കുകയായിരുന്നു. അങ്ങനത്തെ ഒരു കാലഘട്ടം നമ്മള്‍ പിന്നിട്ടിട്ടുണ്ട്.
അത്തരമൊരു കാലത്ത്, ഈ കേരളത്തില്‍ എന്തോ അപകടം സംഭവിക്കുമെന്ന് നമ്മള്‍ കരുതിയിരുന്ന ഒരു സമയത്ത് നമ്മള്‍ നിന്നു. ഞാന്‍ പറയുന്നത് ബാബറി മസ്ജിദിന്റെ കാര്യമാണ്. ഇവിടത്തെ എല്ലാ ആളുകളും ഇവിടെ എന്തെങ്കിലും കലാപം ഉണ്ടാകുമെന്ന് കരുതി നില്‍ക്കുന്നു. അപ്പോള്‍ ഒരു മഹാവിപത്തില്‍നിന്ന് നമ്മുടെ പ്രദേശത്തെ രക്ഷിക്കാനായി ശാന്തിയുടെ ഒരു ഗോവര്‍ദ്ധനം ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു ശിഹാബ് തങ്ങള്‍. അത് അദ്ദേഹത്തിന്റെ ഒരു പരാധീനതയോ ദൗര്‍ബല്യമോ ആയി ചിലര്‍ വ്യാഖ്യാനിച്ചുകാണുകയുണ്ടായി. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഒരാള്‍ക്കൂട്ടത്തെ പ്രക്ഷുബ്ധമാക്കാന്‍, പ്രകമ്പനം കൊള്ളിക്കാന്‍ എളുപ്പമാണ്. ഒരു തീപ്പൊരി എറിഞ്ഞ് ഒരു വീട് കത്തുന്നതുപോലെ പത്തുവാചകം പറഞ്ഞ് കഴിഞ്ഞാല്‍ ജനം ക്ഷോഭിച്ച് ആയുധമെടുക്കും. അതിന് ചരിത്രത്തില്‍ എത്രയോ തെളിവുകള്‍ ഉണ്ട്. എന്നാല്‍ ശാന്തിയുടെ മേല്‍ക്കൂര സൃഷ്ടിക്കാന്‍ എളുപ്പം സാധിക്കില്ല. കാരണം, ചരിത്രത്തില്‍ മനുഷ്യന്‍ അടിസ്ഥാനപരമായി ഇങ്ങനെയാണ്. മനുഷ്യരില്‍ ജീവശാസ്ത്രപരമായി കിട്ടിയ അക്രമവാസന മറികടക്കണമെങ്കില്‍ ആധ്യാത്മികമായ ചൈതന്യം വേണം. അവര്‍ക്കുമാത്രമേ ശാന്തിയുടെ മേല്‍ക്കൂര പണിയാന്‍ സാധിക്കൂ. അങ്ങനെ നമ്മള്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ശാന്തിയുടെ ഒരന്തരീക്ഷം ഇവിടെ പുലരണം എന്ന് വളരെ നിഷ്ഠയോടെ പറഞ്ഞ ആളായിരുന്നു ശിഹാബ് തങ്ങള്‍ എന്ന് കാണാന്‍ കഴിയും.
നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ക്കും കക്ഷിരാഷ്ട്രീയത്തിനുമൊക്കെ അതീതമായി മാനവികത എന്ന ഒന്നുണ്ട്, മനുഷ്യന്‍ എന്ന ഒന്നുണ്ട്. അതുയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായതെന്തൊക്കെയുണ്ടോ അതാണ് നമ്മള്‍ ചെയ്യേണ്ടത്. ഈ ചെയ്യലിനെയാണ് മഹത്ത്വം എന്നുപറയുന്നത്. ക്ഷോഭമുണ്ടാക്കാന്‍ ആര്‍ക്കും കഴിയും. തീ വെക്കാന്‍ ആര്‍ക്കും സാധിക്കും. കാനേറ്റി വീണ്ടും വീണ്ടും ആ പുസ്തകത്തില്‍ -ആള്‍ക്കൂട്ടവും അധികാരവും- പറയുന്നത് അതാണ്. ആള്‍ക്കൂട്ടത്തിന്റെ കൂടെ പോകുമ്പോള്‍ അപ്പുറവും ഇപ്പുറവുമൊന്നും നമ്മള്‍ നോക്കില്ല. മുദ്രാവാക്യം വിളിക്കും. ബഹളംവെക്കും കല്ലെറിയും. എന്തും ചെയ്യും. കല്ലെറിയുന്നതിനൊരു പ്രത്യേകതയുണ്ട്. അത് സാമൂഹികശാസ്ത്രപരം കൂടിയാണ്. എറിയുമ്പോള്‍ അതിന്റെ റിസല്‍ട്ട് ഉടന്‍തന്നെ അറിയാന്‍ കഴിയും. ഗ്ലാസൊക്കെ എറിഞ്ഞാല്‍ പെട്ടെന്ന് പൊട്ടും. അത് കാണുമ്പോള്‍ സന്തോഷം. വേട്ടമൃഗം വീഴുമ്പോള്‍ ആദിമ മനുഷ്യര്‍ക്കുണ്ടായ അതേ സന്തോഷംതന്നെയാണിത്. തീ വെക്കുമ്പോള്‍ എളുപ്പത്തില്‍ അത് ആളിപ്പിടിക്കുന്നു. അങ്ങനെ ഒരാള്‍ക്കൂട്ടത്തിന്റെ ഭാഗമായി നടക്കുമ്പോള്‍ ഒന്നും ആലോചിക്കില്ല. പിന്നീട് ആലോചിക്കുമ്പോള്‍ അതിന്റെ ദുര്‍ഗന്ധവും ഭീകരതയും തോന്നുമെങ്കിലും അപ്പോള്‍ അതിന്റെ പ്രത്യക്ഷമായ മാരകഫലങ്ങള്‍ കാണാനുള്ള ഒരവസരമായാണ് ഇതിനെ കാണുക. അതില്‍നിന്ന് മാറിനിന്നുകൊണ്ട് മാനവികത എന്നുപറയുന്ന ഒരു മേല്‍ക്കൂര നമ്മുടെ തലക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കാനായി യത്നിക്കുന്നവരെയാണ് നമ്മള്‍ മഹത്തുക്കള്‍ എന്ന കോളത്തില്‍ എഴുതിവെക്കുന്നത്. അങ്ങനത്തെ ഒരാളായിരുന്നു ശിഹാബ് തങ്ങള്‍.
ഐക്യരാഷ്ട്രസഭ ആരംഭിച്ച കാലത്ത് അതിന്റെ ചട്ടം എഴുതിവെച്ചപ്പോള്‍ അതിലെ പ്രത്യേകമായ ഒരധ്യായത്തിന് പേര് വിളിച്ചിരുന്നത് ഈഹൗേൃല ീള ജലമരല എന്നായിരുന്നു. ഐക്യരാഷ്ട്രസഭ ഉണ്ടാക്കിയ പല തത്വങ്ങളും പിന്നീട് വിസ്മരിക്കപ്പെട്ടു.  ബോധവല്‍ക്കരണത്തിലൂടെ, സംവാദത്തിലൂടെ, സഹകരണത്തിലൂടെ അക്രമരഹിതമായ അവസ്ഥ സൃഷ്ടിക്കുക. മനുഷ്യാവകാശങ്ങള്‍ക്കും അടിസ്ഥാനസ്വാതന്ത്ര്യത്തിനും ആവശ്യമായ അംഗീകാരം നല്‍കുക. സ്വാതന്ത്ര്യം, നീതി, ജനാധിപത്യവ്യവസ്ഥ, സഹിഷ്ണുത, ഐക്യബോധം, ബഹുമുഖസംസ്‌കാരങ്ങളെയും വിശ്വാസങ്ങളെ യും അംഗീകരിക്കുന്ന മാനസികാവസ്ഥ.  ആ സമാധാനത്തിന്റെ സംസ്‌കാരമാണ് ലോകത്തില്‍ അന്യംനിന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. വീണ്ടും നാം സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. ആ സംസ്‌കാരത്തിന്റെ പതാകവാഹകരില്‍ ഒരാളായിരുന്നു ശിഹാബ് തങ്ങള്‍. അവരെ സ്മരിക്കാന്‍ യോഗം കൂടുന്നത് നല്ലതാണ്. അതിനപ്പുറത്ത് എന്തിനുവേണ്ടി അവര്‍ നിലകൊണ്ടിരുന്നു, അദ്ദേഹത്തിന്റെ തത്വസംഹിതകള്‍ എന്തായിരുന്നു, ഈ കാലഘട്ടം എന്താണ്, നമ്മുടെ സമൂഹം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. നമുക്കിടയില്‍ മതിലും വരമ്പുകളും ഉണ്ടാകാതിരിക്കുക അതായിരുന്നു ശിഹാബ് തങ്ങള്‍ ആഗ്രഹിച്ചത്. ആ തത്വസംഹിത എക്കാലവും ഉണ്ടായിരിക്കണം. എളുപ്പത്തില്‍ വിസ്മരിക്കാതിരിക്കണം. അങ്ങനെയാണ് അദ്ദേഹത്തെ സ്മരിക്കേണ്ടത്.
തന്റെ ചുറ്റും ജനങ്ങള്‍ വന്നത് അധികാരത്തിന്റെ അല്ലെങ്കില്‍ മുഷ്‌കിന്റെ അല്ലെങ്കില്‍ നശീകരണായുധങ്ങള്‍ കൈവശമുള്ളതിന്റെ പേരിലല്ല. അദ്ദേഹത്തിന്റെ ചുറ്റും ആരാധകരും അനുയായികളും നിന്നിരുന്നത് സ്നേഹത്തിന്റെ ഒരു വലിയ അന്തരീക്ഷം ചുറ്റും സൃഷ്ടിച്ചതുകൊണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

(കോഴിക്കോട് നടത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണസമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗം)

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.