ലൂസിഫർ ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ

0
84

മലയാളികള്‍ക്ക് ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ വെറുമൊരു സിനിമാ നടന്‍ മാത്രമല്ല; ഒരു വികാരമാണ്. ആരാധകര്‍ക്ക് ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍. ആ ചങ്കിടിപ്പിന്റെ താളംപിടിച്ച് നമ്മുടെ യംഗ്‌സ്റ്റേഴ്‌സിന്റെയൊക്കെ പ്രിയതാരമായ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍. പ്രേക്ഷകനില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകള്‍കൊണ്ട് സമ്പന്നമായ ലൂസിഫരുമായി ഈ വിഷുക്കാലം ആഘോഷമാക്കാനെത്തിയതാണ് മോഹന്‍ലാലും പൃഥിരാജും.മുന്നണിയിലും പിന്നണിയിലും സമ്പൂര്‍ണ്ണ താരത്തിളക്കവുമായെത്തുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ മുതല്‍ ചുരുക്കം രംഗങ്ങളില്‍ വന്ന് പോകുന്ന അഭിനേതാക്കളെ വരെ ശക്തമായി അവതരിപ്പിക്കാന്‍ ലൂസിഫറിന് സാധിച്ചിട്ടുണ്ട്. മനോഹരമായ ഫ്രെയ്മുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് , കേരളത്തിലെ മലയോര ഗ്രാമം മുതല്‍ അങ്ങ് റഷ്യയിലെ മഞ്ഞു വീഴുന്ന കാഴ്ചകള്‍ വരെ… ലൂസിഫറില്‍ കാണാം… ഇനി സിനിമയിലെ കഥയെകുറിച്ച് ചെറുതായൊന്ന് പറയാം…

അതായത് കേരള രാഷ്ട്രീയത്തിലെ അതികായകനായ പികെ രാംദാസ് എന്ന നേതാവിന്റെ മരണവും അതിനെ തുടര്‍ന്ന് അധികാരം പിടിക്കാനുളള പിന്തുടച്ചക്കാര്‍ നടത്തുന്ന വടംവലിയിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. വരാനിരിക്കുന്ന വലിയ യുദ്ധങ്ങളുടെ ബില്‍ഡ് അപ് ആണ് ആദ്യഒരു മണിക്കൂര്‍. സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്ന് മനസിലാകുന്നതോടെയാണ് കഥക്ക് ചൂട് പിടിക്കുന്നത്.സിനിമയിലെ ഏത് രംഗം നോക്കിയാലും മോഹന്‍ലാലിനെ നമ്മള്‍ കാണാന്‍ ആഗ്രഹിച്ച പോലെയെല്ലാം കാണാന്‍കഴിയും…വമ്പന്‍ ഡയലോഗുകള്‍ക്ക് പ്രാധാന്യം നല്‍കാതെ ലാലേട്ടന്റെ മാനറിസത്തിലൂടെതന്നെ തിയേറ്ററില്‍ ആരവം സൃഷ്ടിക്കുന്ന ചെറുസംഭാഷണങ്ങള്‍ കാണാം.യാതൊരു സംശയവുമില്ല സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിലൂടെ പഴയ മോഹന്‍ലാലിനെ ആരാധകര്‍ക്ക് തിരിച്ചു കിട്ടിയിരിക്കുകയാണ്. ചിത്രത്തില്‍ അണിനിരന്ന കഥാപാത്രങ്ങളെല്ലാം ശക്തമാണ്. മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി രാംദാസിന് വൈകാരികമായ ഒരുപാട് മുഹൂര്‍ത്തങ്ങളാണ് അവതരിപ്പിക്കാനുളളത്. മഞ്ജുവിന്റെ സഹോദരനായണ് ടൊവിനോ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ടൊവിനോയുടെ കഥാപാത്രവും ഒരുപാട് കയ്യടി നേടുന്നുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ വിവേക് ഒബ്രോയ് പൊളിച്ചുക്കി, ഒപ്പം ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധനനും സുപ്പര്‍… സായികുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ സുജിത് വാസുദേവന് കരങ്ങളില്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ഭഭ്രമായിരുന്നു. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.നെടുനീളന്‍ സംഭാഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഒരു മാസ് ചിത്രത്തിനു വേണ്ട മൂഡ് ഒരുക്കുന്നതില്‍ തിരക്കഥ വിജയിച്ചുവെങ്കിലും, മലയാള സിനിമാസ്വാദനം ആവശ്യപ്പെടുന്നതിലും അധികമായിരുന്നു ചിത്രത്തിന്റെ ബൗദ്ധികതലം.ലൂസിഫറിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പൃഥിരാജ് പറഞ്ഞ ഒരു കാര്യമുണ്ട്. അതായത് ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ് , അതുകൊണ്ട് ലൂസിഫര്‍ ഒരു ഫാന്‍മേക്കിംഗ് മൂവിയാണെന്ന്. അക്ഷരാര്‍ത്ഥത്തില്‍ ആ കമന്‍്‌റ ശരിവെക്കുന്ന ചിത്രം തന്നെയാണ് ലൂസിഫര്‍. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി പൃഥിരാജുമുണ്ട് ചിത്രത്തില്‍. ലൂസിഫര്‍ പൂര്‍ണ്ണമായും ഒരു ആരാധക ചിത്രമാണ്. മുന്‍പും രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ള മുരളി ഗോപി ഇത്തവണ കൊമേഴ്‌സ്യല്‍ സിനിമകള്‍ ഡിമാന്‍ഡ് ചെയ്യുന്ന മസാലയുമായാണ് എത്തിയിരിക്കുന്നത്. കംപ്ലീറ്റ് ആക്ടറുടെ കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലറാണ് ലൂസിഫര്‍. ചിത്രത്തിന്റെ അവസാനം പറയുന്നത് പോലെ രാജാവ് ഒന്നേയുളളൂ… എന്തായാലും ഇത്തവണത്തെ വിഷുകാഴ്ച തന്നെയാണ് പൃത്ഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.